ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയില്‍. 91 റണ്‍സുമായി ബാറ്റിങ് തുടരുന്ന ജോണി ബെയര്‍സ്റ്റോയാണ് കൂട്ടത്തകര്‍ച്ചയിലേക്ക് പോയ ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. നിലവില്‍ മഴയെത്തുടര്‍ന്ന് കളി നിര്‍ത്തി വച്ചിരിക്കുകയാണ്.

ഒന്നാം ഇന്നിങ്സില്‍ 416 റണ്‍സെടുത്ത ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 216 റണ്‍സ് കൂടി വേണം. നാല് വിക്കറ്റുകള്‍ കൂടിയാണ് കൈയിലുള്ളത്. രണ്ടാം സെഷനില്‍ ബെയര്‍സ്റ്റോയെ മടക്കി ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് എത്രയും വേഗം അവസാനിപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

അഞ്ച് വിക്കറ് നഷ്ടവുമായി മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ബെയര്‍സ്റ്റോ രക്ഷിച്ചെടുക്കാന്‍ ശ്രമം നടത്തി. എന്നാല്‍ 36 പന്തില്‍ 25 റണ്‍സെടുത്ത സ്റ്റോക്സിനെ ശാര്‍ദുല്‍ ഠാക്കൂര്‍ മടക്കി.

നിലവില്‍ സാം ബില്ലിങ്സാണ് ഏഴ് റണ്‍സുമായി ബെയര്‍സ്റ്റോക്ക് കൂട്ടായി ക്രീസിലുള്ളത്. 113 പന്തുകള്‍ നേരിട്ട് 12 ഫോറും രണ്ട് സിക്സും സഹിതമാണ് ബെയര്‍സ്റ്റോ സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് അകലെ ബാറ്റിങ് തുടരുന്നത്.

ജോ റൂട്ട് (31), ഒലി പോപ് (10), സാക് ക്രൗളി (9), അലക്സ് ലീസ് (6), ജാക്ക് ലീഷ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്റ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഋഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ബുമ്റയുടെ അവസാന ഘട്ടത്തിലെ വെടിക്കെട്ടും നിര്‍ണായകമായി. താരം 16 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 31 റണ്‍സ് വാരി.

 

Read Previous

13കാരി കുഞ്ഞിന് ജന്മം നല്‍കി; 16കാരനായ സഹോദരന്‍ അറസ്റ്റില്‍

Read Next

എകെജി സെന്റര്‍ അക്രമിക്കുമെന്ന് എഫ്ബിയില്‍ പോസ്റ്റിട്ട റിജുവിന് ജാമ്യം