മന്ത്രിസഭയിൽ നിന്നും ഒഴിവാക്കി: ബിജെപി നേതാവ് പാർട്ടിവിട്ടു; എംപി സ്ഥാനവും രാജിവച്ചു

രണ്ടാം മോദി സർക്കാരിൽ കേന്ദ്രമന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ലോക്‌സഭാംഗത്വവും ബിജെപി പാർട്ടി അംഗത്വവും ഉപേക്ഷിച്ച് ബാബുൽ സുപ്രിയോ. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രിയായിരുന്ന സുപ്രിയോയെ കഴിഞ്ഞമാസം നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് ഒഴിവാക്കിയത്.

സ്ഥാനം നഷ്‌ടമായതിൽ അതൃപ്‌തിയുണ്ടായിരുന്ന അദ്ദേഹം ശനിയാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തൻ്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. ‘വിട. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല – ടിഎംസി, കോണ്‍ഗ്രസ്, സിപിഐഎം, എവിടേക്കുമില്ല. ആരും എന്നെ വിളിച്ചിട്ടില്ലെന്നും ഞാന്‍ ഉറപ്പിച്ചു പറയുകയാണ്. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. ഞാന്‍ വണ്‍ ടീം കളിക്കാരനാണ്! എപ്പോഴും ഒരു ടീമിനെയേ പിന്തുണച്ചിട്ടുള്ളൂ. അത് മോഹൻ ബഗാനാണ്. ഒരേയൊരു പാര്‍ട്ടിക്കൊപ്പം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് ബിജെപിയും”, അദ്ദേഹം കുറിച്ചു.

‘കുറച്ചു നാലത്തേക്ക് നിന്നു. ചിലരെ സഹായിച്ചു, ചിലരെ നിരാശപ്പെടുത്തി. നിങ്ങള്‍ക്ക് സാമൂഹിക സേവനം നടത്തണമെങ്കില്‍ അതിന് രാഷ്ട്രീയത്തിലില്ലാതെയും ചെയ്യാമെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

എംപിമാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച മന്ദിരം ഒരു മാസത്തിനുള്ളില്‍ ഒഴിയുമെന്നും എംപി സ്ഥാനം രാജിവെക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. രാജി സമര്‍പ്പിക്കാന്‍ സ്പീക്കറുടെ അപ്പോയിന്റ്‌മെന്റ് തേടി എന്ന വാര്‍ത്തകളുമുണ്ട്.

Read Previous

മരിച്ചതോ കൊന്നതോ…?

Read Next

സുരേഷ് ഗോപി നാളികേര വികസന ബോർഡിൽ; രാഷ്ട്രീയ നിയമനത്തിനെതിരെ വിമർശനം