അട്ടപ്പാടി മധു കൊലക്കേസ്; പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

അട്ടപ്പാടി മധു കൊലപാതകക്കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടും.

കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൊവ്വാഴ്ചയും ഹാജരാകാത്തതിനെ തുടര്‍ന്ന് ഒടുവില്‍ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓണ്‍ലൈന്‍ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതോടെ കേസ് മാര്‍ച്ച് 26ലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ പ്രതികരണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 15-ന് കേസ് പരിഗണിച്ചപ്പോളും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാല്‍ 25-നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല.

നേരത്തെയും മധു കേസ് പരിഗണിച്ചപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മര്‍ദം ചെലുത്താനും തങ്ങള്‍ക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.

Read Previous

ലോകായുക്ത നിയമഭേദഗതിക്ക് പിന്നില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ ശക്തമായ വിധിയുണ്ടാകുമോ എന്ന ഭയം; വി.ഡി.സതീശന്‍

Read Next

ആഴ്ചയില്‍ അഞ്ച് ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ;റിപബ്ലിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍