അസമിലെ വിദ്യാര്‍ഥി നേതാവിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍

 

അസമിലെ വിദ്യാര്‍ഥി നേതാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍. ചൊവ്വാഴ്ച രാത്രി പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നീരജ് ദാസ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

നീരജിനെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ കാറില്‍നിന്ന് പുറത്തേക്ക് ചാടി. ഇതേസമയം പിന്നില്‍നിന്ന് പൊലീസ് കാര്‍ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നീരജ് പിന്നീട് മരിച്ചു.

ജൊര്‍ഹാത്ത് ടൗണില്‍ വിദ്യാര്‍ഥി നേതാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതിയും സ്ഥിരം കുറ്റവാളിയുമായ നീരജ് ദാസ് ഉള്‍പ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ.എ.എസ്.യു) നേതാവ് അനിമേഷ് ഭുയാനെ (28) ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. റോഡ് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

അനിമേഷും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ടെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. പൊലീസിന്‍െ മുമ്പില്‍വെച്ച് അനിമേഷിനെ ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

 

Read Previous

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

Read Next

കോട്ടയത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു