ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തുവെന്നാണ് വിവരം. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ ലഭ്യമായി. നിലവില്‍ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ടൗണിലിറങ്ങിയുള്ള പരാക്രമത്തില്‍ അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഓടിയ ആള്‍ക്കാണ് വീണു പരിക്കേറ്റത്. അതേസമയം കുങ്കികളെ ഇറക്കാന്‍ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചു. ഇതിനായി തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു.
കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കാര്‍ഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.
കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. ഇതിനിടയില്‍ ജനവാസ മേഖലയിലിറങ്ങി ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുമോ എന്ന ഭയത്തിലാണ് കമ്പത്തെയും പരിസരപ്രദേശത്തെയും ജനങ്ങള്‍. ഇതിനിടെ ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തമിഴ്നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

