അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സഹോദരി; സര്‍ജറി കഴിഞ്ഞ് ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ബന്ധു

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അനന്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

‘സര്‍ജറി കഴിയുമ്പോള്‍ സാധാരണയുണ്ടാകാറുള്ള പ്രശ്നങ്ങളേക്കാള്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് മമ്മി (അനന്യ) കടന്നുപോയത് എന്ന് ഓപ്പറേഷന്‍ സമയത്ത് അനന്യയുടെ ഒപ്പമുണ്ടായിരുന്ന ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു. ഛര്‍ദി, മലബന്ധം, വേദനകള്‍, ഗ്യാസ് പ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. കുറേനാള്‍ ബുദ്ധിമുട്ടുകള്‍ നീണ്ട് നിന്നപ്പോള്‍ ഡോക്ടര്‍ തന്നെ റീ സര്‍ജറി വേണമെന്ന് പറഞ്ഞിരുന്നു. സര്‍ജറി കഴിഞ്ഞാല്‍ സാധാരണ നിലയില്‍ ഏഴ് ദിവസം കഴിഞ്ഞാല്‍ ഡിസ്ചാര്‍ജായി വീട്ടില്‍ പോകാം. എന്നാല്‍ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു’. എന്ന് അവര്‍ പറഞ്ഞു.

കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അര്‍ജുന്‍ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി പറഞ്ഞു. അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരി പറഞ്ഞു. ‘ അനന്യ മരണപ്പെടുന്നതിന് തലേദിവസം വ്ളോഗിന് വേണ്ടി ഒരു വിഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ചിരുന്നു. അന്ന് രാത്രി പോലും ഞങ്ങള്‍ പണം സമാഹരിക്കുന്നതിനെ കുറിച്ചും റീ സര്‍ജറി ചെയ്ത് ജീവിതത്തിലേക്ക് തിരികെ വരുന്നതിനെ കുറിച്ചുമാണ് സംസാരിച്ചത്. വിഡിയോയെ കുറിച്ച് അന്വേഷിച്ച് രാവിലെ 10.30ന് അനന്യ വിളിച്ചിരുന്നു. തുടര്‍ന്ന് വൈകീട്ട് 5 മണിക്ക് വീഡിയോ ഷെഡ്യൂള്‍ ചെയ്ത് വച്ചു. ഉച്ചയ്ക്ക് 1.30ന് വരാമെന്ന് പറഞ്ഞാണ് അനന്യ ഫോണ്‍ വച്ചത്. അനന്യ വൈകി വരാറുള്ള വ്യക്തിയായതിനാല്‍ വൈകിയിട്ടും അസ്വാഭാവികത തോന്നിയിരുന്നില്ല. അഞ്ച് മണിക്ക് വിഡിയോ അപ്ലോഡ് ചെയ്തതിന്റെ പ്രതികരണം അറിയാന്‍ ആറ് മണിക്ക് വിളിച്ച് നോക്കിയപ്പോഴാണ് ദയ എന്ന എന്റെ മറ്റൊരു സഹോദരി അനന്യ ആത്മഹത്യ ചെയ്തു എന്ന കാര്യം പറയുന്നത്.’ സഹോദരി പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോകാന്‍ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കില്‍ വയറ് അമര്‍ത്തി പിടിക്കണമായിരുന്നു. സാധാരണഗതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും സഹോദരി വ്യക്തമാക്കി.

ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

 

 

 

Read Previous

ഡോക്ടര്‍മാര്‍ക്ക് ചെയ്തു തെളിയാന്‍ ഒരാള് കഴിഞ്ഞാല്‍ അടുത്തയാള് വരും നമുക്ക് ജീവിതം ഒന്നേ ഉള്ളു: അനന്യയുടെ കുറിപ്പ് വൈറലാകുന്നു

Read Next

പെഗാസസ് വാങ്ങിയോ ഇല്ലയോ? മോദി സര്‍ക്കാരിന് മൗനം