നേരവും പ്രേമവും പോലെയല്ല ഈ സിനിമ’; ‘ഗോള്‍ഡ്’ പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എഡിറ്റിങ് ജോലികള്‍ നടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അല്‍ഫോണ്‍സ് ഫെയ്സ്ബുക്കിലൂടെ.

ആദ്യ ചിത്രമായ ‘നേരം’ ലോക സിനിമാചരിത്രത്തില്‍ പുതുമകള്‍ ഒന്നുമില്ലാത്ത ആദ്യ സിനിമയെന്നാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പരിചയപ്പെടുത്തിയത്. സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് അതിന്റെ അര്‍ത്ഥം പലര്‍ക്കും മനസ്സിലായത്. രണ്ടാം ചിത്രമായ ‘പ്രേമം’ പുതുമകള്‍ ഒന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്നാണ് അല്‍ഫോണ്‍സ് പരിചയപ്പെടുത്തിയത്. മലയാള സിനിമയിലെ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ പ്രേമം തിരുത്തി. ഇപ്പോഴിതാ മൂന്നാമത്തെ ചിത്രം ‘ഗോള്‍ഡ്’ ആ ശ്രേണിയിലെ മൂന്നാമത്തെ ചിത്രമാണെന്ന് പറയുകയാണ് അല്‍ഫോണ്‍സ്.

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്:

‘ഗോള്‍ഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്’ – അല്‍ഫോണ്‍സ് ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതി.

ഫഹദ് ഫാസില്‍ നായകനാവുന്ന ‘പാട്ട്’ ആണ് അല്‍ഫോന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യം ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 8നാണ് ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

 

 

Read Previous

പെരിയ ഇരട്ടക്കൊലക്കേസില്‍ തന്നെ പ്രതിചേര്‍ത്തതിന് പിന്നില്‍ കൃത്യമായ ഗൂഢലക്ഷ്യം ;കെ.വി. കുഞ്ഞിരാമന്‍

Read Next

ആര്‍എസ്എസും ബിജെപിയും ലക്ഷ്യമിടുന്നത് ആസൂത്രിതമായ കലാപം; പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം പോപുലര്‍ ഫ്രണ്ട്