ഫീസടക്കാന്‍ പണമില്ല; ദളിത് വിദ്യാര്‍ഥിനിക്ക് ഐഐടി അഡ്മിഷന്‍ നിഷേധിച്ചു; ഫീസ് സ്വന്തം കൈയില്‍ നിന്ന് അടച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജ്

 

സാമ്പത്തിക പ്രയാസം മൂലം നിശ്ചിത തീയതിക്കുള്ളില്‍ ഫീസടക്കാത്തതിന് ഐഐടി വാരണസിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാര്‍ഥിനിക്ക് പ്രവേശനം നല്‍കാന്‍ വിധിച്ചിരിക്കുകയാണ് അലഹബാദ് ഹൈകോടതി. അത് കൂടാതെ വിദ്യാര്‍ഥിനി അടക്കാനുള്ള ഫീസായ 15,000 രൂപ കേസില്‍ വിധി പറഞ്ഞ ജഡ്ജ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് അടക്കുമെന്നും അറിയിച്ചു. കോടതി സമയം കഴിഞ്ഞയുടന്‍ തുക ഐഐടിക്ക് ജഡ്ജ് കൈമാറി.

പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിക്ക് ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ 92.77 ശതമാനം മാര്‍ക്ക് നേടി എസ്.സി വിഭാഗത്തില്‍ 2062-ാം റാങ്കുണ്ടായിരുന്നു. കൂടാതെ ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന ജെ.ഇ.ഇ അഡ്വാവന്‍സ്ഡില്‍ എസ്.സി വിഭാഗത്തില്‍ 1469-ാം റാങ്കും വിദ്യാര്‍ഥിനി നേടിയിരുന്നു.

പിന്നീട് ഐഐടി (ബി.എച്ച്.യു) വാരണസിയില്‍ മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിങിന് [ബാച്ചിലര്‍ ആന്‍ഡ് മാസ്റ്റര്‍ ഓഫ് ടെക്നോളജി (ഡ്യൂയല്‍ ഡിഗ്രി)] വിദ്യാര്‍ഥിനിക്ക് സീറ്റ് ലഭിക്കുകയും ചെയ്തു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വിദ്യാര്‍ഥിനിക്ക് അവസാന തീയതിക്ക് മുമ്പ് പ്രവേശനഫീസായ 15,000 രൂപ അടക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് ഐഐടി അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു.

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നത് തന്റെ അച്ഛന്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഡയാലിസിസിന് വിധേയമാകുന്നുണ്ടെന്നും അതിനെ തുടര്‍ന്നുണ്ടായ അനാരോഗ്യം മൂലം ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും കൂടാതെ കോവിഡും പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടര്‍ന്ന് പറഞ്ഞ സമയത്തിനുള്ളില്‍ ഫീസ് അടക്കാന്‍ സാധിച്ചില്ല എന്നാണ്.

പിന്നീട് പരാതിക്കാരിയും അച്ഛനും പലപ്രാവശ്യം ജോയിന്റ് സീറ്റ് അലൊക്കേഷന്‍ അതോറിറ്റിക്ക് സമയം നീട്ടിനല്‍കാന്‍ കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരജിക്കാരിയായ ദളിത് വിദ്യാര്‍ഥിനി കോടതിക്ക് മുന്നില്‍ വന്നത് ഐ.ഐ.ടി അഡ്മിഷനില്‍ സമത്വം വേണമെന്ന് ആവശ്യപ്പെട്ടാണ്. അവളുടെ സ്വപ്നം സഫലമാക്കാനാണ് കോടതി അവളുടെ പഠനത്തിനുള്ള ഫീസായ 15,000 രൂപ നല്‍കുന്നത്.

നിലവില്‍ സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ ഐ.ഐ.ടിയും ജെഎസ്എയും ചേര്‍ന്ന് സൂപ്പര്‍ ന്യൂമററി സീറ്റ് സൃഷ്ടിച്ച് ഹരജിക്കാരിക്ക് പ്രവേശനം നല്‍കണം. മൂന്ന് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട രേഖകളുമായി കോടതിയിലെത്തി അഡ്മിഷന്‍ നേടാന്‍ ഐ.ഐ.ടിയില്‍ എത്തണമെന്ന് കോടതി ഹരജിക്കാരിയോട് നിര്‍ദേശിച്ചു.

 

Read Previous

രാജ്യം ഒമിക്രോണ്‍ ആശങ്കയില്‍ ; പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം

Read Next

പ്രയാഗ്‌രാജ് കൂട്ടക്കൊല: ദളിത് യുവാക്കള്‍ കസ്റ്റഡിയില്‍ ;അറസ്റ്റ് ചെയ്ത സവര്‍ണ യുവാക്കളെ വിട്ടയച്ച് യു.പി പൊലീസ്‌