
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബുള്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തെ അപൂര്‍വമായ മഞ്ഞുവീഴ്ചയില്‍ നിലച്ചു. കടുത്ത മഞ്ഞുവീഴ്ചയില്‍ ഏതന്‍സിലെ സ്കൂളുകളും വാക്സിനേഷന് കേന്ദ്രങ്ങളും അടച്ചതായും അധികൃതര്‍ അറിയിച്ചു. കനത്ത ഇരുട്ടും ഗതാഗതകുരുക്കും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കനത്ത മഞ്ഞുവീഴ്ചയില്‍ ഇസ്താംബുള്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. അപകടത്തില്‍ ആളപായമില്ല. ഇസ്താംബുളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തിന് പകരക്കാരനായി പ്രവര്‍ത്തിച്ചുതുടങ്ങിയതിന് ശേഷം ആദ്യമായാണ് ഈ വിമാനത്താവളം അടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രമായി ഇസ്താംബുള്‍ വിമാനത്താവളത്തില്‍ നിന്ന് 37 ദശലക്ഷം യാത്രക്കാരാണ് മറ്റ് സ്ഥലങ്ങളിലേയ്ക്ക് പറന്നത്. ലോകത്തിലെ തന്നെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നുകൂടിയാണ് ഇസ്താംബുള്‍ എയര്‍പോര്‍ട്ട്.
തുര്‍ക്കിയുടെ ഏറ്റവും വലിയ നഗരമായ ഇസ്താംബുളില്‍ മഞ്ഞുവീഴ്ച 16 ദശലക്ഷം ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ മഞ്ഞുമൂലം വഴുതി കൂട്ടിമുട്ടുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഷോപ്പിംഗ് മാളുകള്‍ അടച്ചു. ഭക്ഷണ വിതരണം പൂര്‍ണമായും നിലച്ചു. നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ സിമിറ്റ് സ്റ്റാളുകളും വിജനമായി. ഇതിന് പുറമേ കടുത്ത കൊടുങ്കാറ്റ് തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ റോഡുകളെയും ബാധിച്ചു. ഇക്കാരണത്താല്‍ അയല്‍രാജ്യമായ സിറിയയിലേയ്ക്ക് പോകുന്നതും അസാദ്ധ്യമായിരിക്കുന്നു.