ഡാനിഷിന്റെ മൃതദേഹത്തിന് മുകളിലൂടെ താലിബാന്‍ ഭീകരര്‍ വണ്ടിയോടിച്ചു കയറ്റിയെന്ന് സൈനികന്റെ വെളിപ്പെടുത്തല്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തി അഫ്ഗാന്‍ സൈന്യത്തിലെ കമാന്‍ഡറായ ബിലാല്‍ അഹമ്മദ്. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളപ്പെടുത്തല്‍.

ഡാനിഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോട് യാതൊരു ആദരവും കാണിക്കാതിരുന്ന താലിബാന്‍ ഭീകരര്‍ ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഡാനിഷിന്റെ തലയ്ക്ക് മുകളിലൂടെ അവര്‍ വണ്ടിയോടിച്ച് കയറ്റി. താലിബാന് ഇന്ത്യക്കാരെ വെറുപ്പാണെന്നും അതുകൊണ്ടാണ് അവര്‍ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും ബിലാല്‍ പറഞ്ഞു. സ്പിന്‍ ബോല്‍ഡാക് എന്ന നഗരത്തില്‍ വെച്ചാണ് ഡാനിഷിന്റെ വാഹനത്തെ താലിബാന്‍ ആക്രമിക്കുന്നതെന്നും അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന സൈനികനെയും വെടിവെച്ചിടുകയായിരുന്നുവെന്നും ബിലാല്‍ പറയുന്നു.

അതേസമയം ബിലാലിന്റെ വാദങ്ങളെ താലിബാന്‍ നിഷേധിച്ചു. ഡാനിഷിന്റെ മരണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് താലിബാന്‍ വക്താവ് പറഞ്ഞതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഡാനിഷ് ശത്രുസൈന്യത്തിന്റെ ഒപ്പമായിരുന്നുവെന്നാണ് താലിബാന്‍ പറയുന്നത്.

ജൂലൈ 16ന് താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ഡഹാറിലുണ്ടായ വെടിവെപ്പിലാണ് ഡാനിഷ് കൊല്ലപ്പെട്ടത്. പുലിറ്റ്സര്‍ പ്രൈസ് ജേതാവും റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറുമായിരുന്നു ഡാനിഷ്. കഴിഞ്ഞയാഴ്ചയാണു കാണ്ഡഹാര്‍ താവളത്തില്‍നിന്നുള്ള അഫ്ഗാന്‍ സേനയ്‌ക്കൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി സിദ്ദിഖി യുദ്ധമുഖത്തേക്കു പോയത്. താലിബാന്‍ റെഡ് ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷം അദ്ദേഹം പഠിച്ച ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലായിരുന്നു അടക്കം ചെയ്തത്.

 

Read Previous

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: പാര്‍ലമെന്ററി ഐടി സമിതി ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

Read Next

രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ല; പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരല്ല: മോഹന്‍ ഭാഗവത്