ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്കയിൽ സംഹാര താണ്ഡവമാടുകയാണ് കൊവിഡ് 19. വൈറസ് വ്യാപനത്തെ നിസ്സാരമായി കണ്ട ട്രംപിൻ്റെ നിരുത്തരവാദിത്തപരമായ പ്രവർത്തനങ്ങളാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. അടച്ചിടലിന് തയ്യാറാകാതിരുന്ന ട്രംപിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
നിൽക്കക്കള്ളിയില്ലാതെ ട്രംപ് അമേരിക്കയിലെ 50 സംസ്ഥാനങ്ങളെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. മരുന്നിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടുന്നു. അമേരിക്കയിലെ ജനങ്ങൾ ജീവനും മരണത്തിനുമിടയിലാണ്. രോഗത്തെ ആദ്യമേ തടഞ്ഞുനിറുത്തുന്നതിൽ പറ്റിയ വീഴ്ചയാണ് രോഗം പടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യമായി മാറിയതോടെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയും ദുരന്ത ബാധിത മേഖലകളായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വായൊമിങ്ങ് സംസ്ഥാനമാണ് ഏറ്റവുമൊടുവിൽ ദുരന്തമേഖലയായി പ്രഖ്യാപിച്ചത്. മാർച്ച് 20ന് ന്യൂയോർക്കിനെയാണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. 22 ദിവസത്തിനുശേഷമാണ് വയോമിങ്ങിലും പ്രഖ്യാപനമായത്. യു.എസിലെ വലിയ പ്രദേശമായ അമേരിക്കൻ സമോവയിൽ മാത്രമാണ് ദുരന്ത പ്രഖ്യാപനത്തിന് കീഴിൽ വരാത്തത്.
രണ്ട് ദിവസത്തിനുള്ളിൽ 3350ഓളം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണത്തിൽ മുന്നിലായിരുന്ന അമേരിക്ക മരണസംഖ്യയിലും ഇറ്റലിയെ മറികടന്നു. ഇതുവരെ 22,115 പേരാണ് അമേരിക്കയിൽ മരിച്ചത്. 5,61,103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,634 പേർ രോഗത്തെ അതിജീവിച്ചു. 5,05684 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം 2035 പേർ മരിച്ചപ്പോൾ 33,752 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിച്ച് ഒരുദിവസം രണ്ടായിരത്തിലധികം ആളുകൾ മരിക്കുന്ന രാജ്യവും അമേരിക്കയാണ്.
