പീഡനക്കേസിൽ പ്രതിയായ ബിജെപി എംഎൽഎ
ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎക്കെതിരേ എഫ്ഐആർ. ഡെറാഡൂൺ എംഎൽഎയും ബിജെപി നേതാവുമായ മഹേഷ് സിങ് നേഗിക്കെതിരേയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. യുവതി എംഎൽക്കെതിരേ കോടതിയെ സമീപച്ചതിനെ തുടർന്നാണ് പോലിസ് കേസെടുക്കാൻ തയാറായത്.
ആഗസ്ത് 16 ന് യുവതി നൽകിയ പരാതിയെത്തുടർന്ന് ഡെറാഡൂൺ പോലിസ് ബലാത്സംഗത്തിനും ക്രിമിനൽ ഭീഷണിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എംഎൽഎയുടെ ഭാര്യയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എംഎൽഎ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ കുട്ടിയുമായുള്ള ബന്ധം കണ്ടെത്താൻ ഡിഎൻഎ പരിശോധനയും എംഎൽഎ ആവശ്യപ്പെട്ടതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഡെറാഡൂൺ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്ന് കേസിൽ എഫ്‌ഐആർ സമർപ്പിക്കാൻ കോടതി പോലിസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിൽ പോലിസ് കേസെടുത്തിരുന്നു. നേഗിയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, യുവതിക്കും കുടുംബാംഗങ്ങൾക്കുമെതിരേയാണ് പോലിസ് കേസെടുത്തത്.
