മുസ്‌ലിങ്ങള്‍ക്കെ
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കഴിഞ്ഞ മാർച്ചിൽ സിഖ് ഗുരുദ്വാര ആക്രമിച്ച ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരിലൊരാൾ മലയാളിയാണെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിഗമനം ഖണ്ഡിച്ച് ഡിഎൻഎ പരിശോധനാ ഫലം. 25 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തിനു നേതൃത്വം നൽകിയത് കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിനാണെന്ന നിഗമനത്തിൽ, മാർച്ച് 30ന് ഇയാളെ പ്രതിചേർത്ത് എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ഇന്ത്യയ്ക്കു പുറത്ത് എൻഐഎ റജിസ്റ്റർ ചെയ്ത ആദ്യ കേസായിരുന്നു ഇത്. എന്നാൽ, കൊല്ലപ്പെട്ട ഭീകരന്റെ ഡിഎൻഎ പരിശോധനയിൽ ഇയാൾ മുഹ്സിൻ അല്ലെന്നും അഫ്ഗാൻ സ്വദേശിയാണെന്നും അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചതായാണു സൂചന. വിവരം എൻഐഎയ്ക്കും ഇന്റിലിജൻസ് ഏജൻസിക്കും കൈമാറിയിട്ടുണ്ട്. എൻഐഎ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരുടെ ചിത്രങ്ങൾ ഐഎസുമായി ബന്ധമുള്ള വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. ഇതു പരിശോധിച്ചാണു ഭീകരരിലൊരാൾ മുഹ്സിൻ ആണെന്ന നിഗമനത്തിൽ എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്.
അല്ലെന്നു സ്ഥിരീകരിച്ചാൽ കേസിന്റെ തുടർ നടപടി അവസാനിപ്പിക്കും. മുഹ്സിൻ 2016 ൽ ഐഎസിൽ ചേർന്നുവെന്നാണ് എൻഐഎയ്ക്കു ലഭിച്ച വിവരം.
