നാഗലാൻഡിൽ പട്ടിയിറച്ചി പൂർണമായും നിരോധിച്ച് സംസ്ഥാന സർക്കാർ. പട്ടി ഇറച്ചി വില്‍ക്കുന്നത് ഉപയോഗിക്കുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ് ട്വീറ്റ് ചെയ്തു. അയൽ സംസ്ഥാനമായ മിസോറാമിലും പട്ടിയിറച്ചിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.
ദിമാപുരിലെ ചന്തകളില്‍ പട്ടികളെ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കവിയും രാജ്യസഭാ മുന്‍ അംഗവുമായ പ്രിതീഷ് നന്ദി ട്വിറ്ററില്‍ ഈ വിഷയം ചര്‍ച്ചയ്ക്കിടുകും ഇതിനെതിരേ പ്രതികരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കൂട്ട ഇ-മെയില്‍ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, വിയറ്റ്നാം, വടക്കുകിഴക്കൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായി പ്രതിവർഷം 30 ദശലക്ഷം നായ്ക്കളും 10 ദശലക്ഷം പൂച്ചകളെയും ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. ഹോങ്കോംഗ്, ഫിലിപ്പീൻസ്, തായ്‌വാൻ, തായ്ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും പട്ടിയിറച്ചി നിരോധിച്ചിട്ടുണ്ട്.
