ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അതിർത്തിയിൽ 43,000 കിലോമീറ്റർ ദൂരം ചൈനക്ക് വിട്ടുകൊടുത്തുവെന്ന് പ്രസ്താവിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വെട്ടിലായി. ‘യു.പി.എ ഭരണകാലത്ത് ഒന്നു പൊരുതുക പോലും ചെയ്യാതെ ഇത്രയും സ്ഥലം ചൈനക്ക് അടിയറവെച്ചു’ എന്ന് സാമൂഹിക മാധ്യമമമായ ട്വിറ്ററിലാണ് നഡ്ഡ കുറിച്ചത്. ഭൂമിയുടെ മൊത്തം ചുറ്റളവ് 40,075 ആണെന്ന് അറിയാത്തതുകൊണ്ടായിരുന്നു ഈ പരാമർശം. ഈ അബദ്ധം ചൂണ്ടിക്കാട്ടി വിമർശകർ നഡ്ഡക്ക് ഭൂമിശാസ്ത്ര, ഗണിത പാഠങ്ങളുമായി രംഗത്തുവന്നതോടെ ട്വിറ്ററിൽ തമാശ കലർന്ന ട്രെൻഡിങ്ങായി ഇതു മാറി.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം കൈകാര്യം ചെയ്തതിൽ നരേന്ദ്ര മോദി സർക്കാറിെൻറ വീഴ്ചകൾ ചൂണ്ടിക്കാട്ടി മൻമോഹൻ സിങ് കടുത്ത വിമർശനമുന്നയിച്ചിരുന്നു. മൻമോഹന് മറുപടി പറയുന്നതിനിടയിലാണ് 43000 കിലോമീറ്ററിെൻറ ‘ഞെട്ടിക്കുന്ന’ കണക്കുമായി നഡ്ഡ ട്വിറ്ററിൽ അവതരിച്ചത്
ഇതോടെ പരിഹാസത്തിെൻറ കൂരമ്പുകളായിരുന്നു ബി.ജെ.പി അധ്യക്ഷനുനേരെ. ‘43000 KM’ എന്നത് മണിക്കൂറുകൾ കൊണ്ട് ട്രെൻഡിങ്ങായി. രസകരമായ ട്രോളുകളുമായി ട്വിറ്ററാറ്റികൾ നഡ്ഡയെ നിർത്തിപ്പാരിച്ചു. ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3214 കിലോമീറ്ററാണ് എന്നറിയാത്ത ദേശീയ പ്രസിഡൻറാണോ നിങ്ങൾ എന്ന ചോദ്യവുമുയർന്നു. കിഴക്കേ അറ്റം മുതൽ പടിഞ്ഞാറേ അറ്റം വരെ 2933 കിലോമീറ്ററാണെന്ന വിവരവും അവർ പകർന്നുനൽകി.
