ഫലസ്തീനി ബാലന് ഇസ്രായേലി കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചതായി ഫലസ്തീനിയന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ റിപ്പോര്‍ട്ട്. 15 വയസ്സുകാരനായ ഫലസ്തീനി ബാലന്‍ ഹമൗദ അല്‍ ശൈഖിനെയാണ് ഇസ്രായേല്‍ കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. 2019 ആഗസ്റ്റ് 15നാണ് ഹമൗദയെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജറുസലേമിലെ അല്‍ അഖ്സ പള്ളിക്കടുത്തുള്ള അൽ സിൽസില ഗേറ്റിന് സമീപത്തുവെച്ച് ഇസ്രായേലി പൊലീസുകാരെ കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഹമൗദയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റിന് മുന്‍പ് നടന്ന വെടിവെപ്പില്‍ ഹമൗദക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പതിനൊന്ന് വയസ്സുകാരനായ മറ്റൊരു ബാലന്‍, നസീം അബു റൂമി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒരു മണിക്കൂറോളം രക്തം വാർന്ന് കിടന്നതിന് ശേഷമാണ് ഹമൗദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 190 ന് മുകളില്‍ ഫലസ്തീനി ബാലന്‍മാര്‍ ഇസ്രായേലി ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 20ന് മുകളിലുള്ള കുട്ടികളും 16 വയസ്സിന് താഴെയുള്ളവരാണ് എന്നത് ഞെട്ടിക്കുന്നതാണ്.
