പാലക്കാട് ജില്ലയില്‍ പടക്കം നിറച്ച പൈനാപ്പിള്‍ കടിച്ച് ആന ചെരിഞ്ഞ സംഭവത്തിന് ദേശീയ തലത്തില്‍ വര്‍ഗീയ നിറം നല്‍കിയിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് മനേക ഗാന്ധിയാണ് ഇതിന് തുടക്കമിട്ടത്. മലപ്പുറത്താണ് സംഭവം നടന്നതെന്ന മനേകയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് മലപ്പുറം ജില്ലയ്ക്കും കേരളത്തിനും എതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.
മലപ്പുറം എന്ന ടാഗിനൊപ്പമാണ് എല്ലാ വര്‍ഗീയ പ്രചാരണവും ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ നടത്തുന്നത്. എന്നാല്‍ വിദ്വേഷ പ്രചാരണത്തിന് ട്വിറ്ററിലൂടെ തന്നെ മലയാളികള്‍ മറുപടി നല്‍കുകയാണ്. ഇത്തരം വെറുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനം ഇല്ലെന്നും മലപ്പുറത്തിനൊപ്പമാണെന്നും തുറന്ന് പ്രഖ്യാപിക്കുകയാണ് മലയാളികള്‍. ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.
മലയാള സിനിമാ ലോകത്ത് നിന്നടക്കം നിരവധി പേരാണ് ആന ചെരിഞ്ഞ സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ” ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ . ഇത് കേരളമാണ് . സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല പക്ഷെ അതിനെ വെളിയിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കി നിക്കില്ല എന്നാണ് നടൻ നീരജ് മാധവ് ഫേസ്ബുക്കിൽ കുറിച്ചത്.
ആന ചെരിഞ്ഞത് മലപ്പുറത്ത് അല്ലെന്ന് വ്യക്തമാക്കിയും വര്‍ഗീയത പരത്തുന്നതിനെതിരെയും പൃഥ്വിരാജും ടൊവിനോ തോമസും അടക്കമുളളവരും രംഗത്ത് വന്നിട്ടുണ്ട്. ആന ചെരിഞ്ഞ സംഭവത്തിന്റെ വസ്തുതകള്‍ അക്കമിട്ട് നിരത്തിയാണ് ഇരുവരും പോസ്റ്റിട്ടിരിക്കുന്നത്. നടിമാരായ റിമ കല്ലിങ്കല്‍, പാര്‍വ്വതി തിരുവോത്ത്, സംവിധായകന്‍ ആഷിഖ് അബു അടക്കമുളളവരും സംഭവത്തില്‍ കടുത്ത പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ആനയ്ക്ക് സംഭവിച്ചത് ഹൃദയം തകര്‍ക്കുന്നതാണ് എന്നും എന്നാല്‍ ഈ സംഭവത്തിന് ഒരു ജില്ലയെ ലക്ഷ്യം വെച്ച് വര്‍ഗീയ നിറം നല്‍കുകയാണെന്നാണ് പാര്‍വ്വതി കുറ്റപ്പെടുത്തിയത്. നിങ്ങളെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു എന്നും പാര്‍വ്വതി ട്വീറ്റ് ചെയ്തു. ഉത്തരേന്ത്യക്കാര്‍ക്ക് ചിലപ്പോള്‍ മലപ്പുറവും മണ്ണാര്‍ക്കാടും മാറിപ്പോയേക്കാം. എന്നാല്‍ ഒരു ജില്ലയെ മൊത്തമായും അവിടുത്തെ മുസ്ലീംകളെയും ആക്രമിക്കുന്നത് വിദ്വേഷ പ്രചാരണം മാത്രമാണ് എന്നാണ് റിമ പ്രതികരിച്ചത്.
