2019ല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം കുത്തനെ താഴോട്ട് പോയെന്ന് അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നിരീക്ഷിക്കുന്ന യു.എസ്.സി.ഐ.ആര്‍.എഫ്(യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാണഷല്‍ റിലീജിയസ് ഫ്രീഡം). ഇതിന് ഉത്തരവാദികളായ ഇന്ത്യയുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യു.എസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അതേസമയം യു.എസ്.സി.ഐ.ആര്‍.എഫ് നിക്ഷിപ്ത താത്പര്യമുള്ള സംഘടനയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

2004ന് ശേഷം ആദ്യമായാണ് ഇന്ത്യയെ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ്.സി.ഐ.ആര്‍.എഫ് ഉള്‍പ്പെടുത്തുന്നത്. ആകെ 14 രാജ്യങ്ങളാണ് അമേരിക്കന്‍ കമ്മീഷന്റെ പട്ടികയിലുള്ളത്. പാകിസ്താന്‍, ചൈന, ഉത്തരകൊറിയ, ബര്‍മ, ഇറാന്‍, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സിറിയ, താജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

യു.എസ്.സി.ഐ.ആര്‍.എഫിന്റെ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കെതിരെ വിവാദപരമായ പരാമര്‍ശങ്ങളുള്ളത്. ‘കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മതസ്വാതന്ത്ര്യം കുത്തനെ താഴേക്ക് പോയി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തു. അക്രമികളെ ശിക്ഷയില്‍ നിന്നും രക്ഷിച്ചു. അക്രമങ്ങള്‍ക്ക് വഴിവെച്ചുകൊടുക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ന്നു’ എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് യു.എസ്.സി.ഐ.ആര്‍.എഫ് റിപ്പോര്‍ട്ടിലുള്ളതെന്ന് ഉപാധ്യക്ഷന്‍ നാദിന്‍ മേന്‍സ പറഞ്ഞു.

ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു.എസ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടുവെക്കുന്നു. ഇവരുടെ അമേരിക്കയിലെ ആസ്തികള്‍ കണ്ടുകെട്ടുകയും അമേരിക്കയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ശുപാര്‍ശ.

അതേസമയം, യു.എസ്.സി.ഐ.ആര്‍.എഫ് റിപ്പോര്‍ട്ടിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ‘ഇന്ത്യക്കെതിരായ നിരീക്ഷണങ്ങളുള്ള യു.എസ്.സി.ഐ.ആര്‍.എഫ് വാര്‍ഷിക റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. ഇന്ത്യക്കെതിരെ പക്ഷപാതപരമായി അഭിപ്രായങ്ങള്‍ വരുന്നത് ആദ്യമല്ല. എന്നാല്‍ ഈ സമയത്തുണ്ടാകുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പുതിയ തലത്തിലെത്തും. നിക്ഷിപ്ത താത്പര്യമുള്ള കമ്മീഷനായാണ് ഇന്ത്യ യു.എസ്.സി.ഐ.ആര്‍.എഫിനെ കാണുന്നത്. ആ തരത്തില്‍ തന്നെയാണ് ഈ കമ്മീഷനെ പരിഗണിക്കുക’ എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി കലാപസമയത്ത് യു.എസ്.സി.ഐ.ആര്‍.എഫ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് വസ്തുതാപരമായി തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം. കഴിഞ്ഞ ഡിസംബറില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയും യു.എസ്.സി.ഐ.ആര്‍.എഫ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിലക്കുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും യു.എസ്.സി.ഐ.ആര്‍.എഫ് മുന്നോട്ടുവെച്ചിരുന്നു.

അതേസമയം, മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയതിനെതിരെ കമ്മീഷന്‍ അംഗങ്ങളില്‍ ചിലര്‍ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളെ പോലെയല്ല ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെന്നുമാണ് എതിര്‍ത്തവര്‍ പ്രധാനമായും ഉന്നയിച്ചത്. 1998ല്‍ നിലവില്‍ വന്ന ഈ കമ്മീഷന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ യു.എസ് സര്‍ക്കാരിന് നിയമപരമായ ബാധ്യതകളില്ല.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular