ബ്രസീലിൽ ലോക്ക് ഡൗണിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കാളിയായി പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ. നിരവധി പേരാണ് ബ്രസീലിലെ ക്വാറന്റൈൻ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടിയത്. ബ്രസീലിയൻ കോൺഗ്രസും സുപ്രീംകോടതിയും മിലിട്ടറി ഇടപ്പെട്ട് അടപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ മുന്നോട്ട് വച്ച ഐസൊലേഷൻ രീതികളോടും ലോക്ക് ഡൗൺ നിയന്ത്രണങ്ങളോടും കോൺഗ്രസും സുപ്രീംകോടതിയും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. തലസ്ഥാന നഗരമായ ബ്രസീലിയയിലെ ആർമി ആസ്ഥാനത്തിന് മുന്നിൽ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് പ്രസിഡന്റ് ബൊൽസൊനാരോ പിന്തുണയറിയിച്ചെത്തിയത്.
600ഓളം പേർ ഒത്തുകൂടിയ പ്രതിഷേധ റാലിയിൽ പതിവുപോലെ തന്നെ മാസ്കോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിക്കാതെയാണ് ബൊൽസൊനാരോ എത്തിയത്. പ്രസംഗത്തിനിടെ ബൊൽസൊനാരോ പല തവണയായി ചുമയ്ക്കുന്നുണ്ടായിരുന്നു. കൊവിഡിനെ സംബന്ധിച്ച് ബ്രസീലിൽ കേന്ദ്രത്തിനും പ്രദേശിക ഭരണകൂടങ്ങൾക്കും രണ്ടഭിപ്രായമാണുള്ളത്.
ബൊൽസൊനാരോ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരാണ്. അതേസമയം, കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിലെ സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ സ്കൂളുകളും മറ്റും അടയ്ക്കുകയും ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ അഗ്നിശമനസേനാംഗങ്ങളും പൊലീസും ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് അഭ്യർത്ഥിക്കുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനുകൂലിച്ചിരുന്ന ആരോഗ്യമന്ത്രിയെ ബൊൽസൊനാരോ കഴിഞ്ഞാഴ്ച മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നു. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യമാണ് ബ്രസീൽ. 38,654 പേർക്കാണ് രാജ്യത്ത് ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ വരെ 2,462 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
