ആശുപത്രിയില്‍ പനിയുമായി വരുന്ന എല്ലാ രോഗികളിലും കൊവിഡ് -19 പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഏത് അസുഖമാണ് അവരെ ബാധിച്ചിട്ടുള്ളതെന്ന് പരിഗണിക്കാതെ തന്നെ ടെസ്റ്റ് നടത്താനാണ് സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ആശുപത്രികളിലും സ്വകാര്യ മേഖലയിലടക്കം എല്ലായിടത്തും ഇത് നടപ്പാക്കും.
ഇതിനു ശേഷം സ്വയം സന്നദ്ധമായി വരുന്ന എല്ലാവരെയും വിദേശത്തുനിന്ന് വന്നതാണോ എന്ന് പരിഗണിക്കാത്ത ടെസ്റ്റിന് വിധേയമാക്കും. ഇത്തരം ടെസ്റ്റുകള്‍ വ്യാപകമായി നടത്തുക വഴി പിപിഇ കിറ്റുകള്‍ ധരിക്കാതെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ കഴിയും. പിപിഇ കിറ്റുകളുടെ അഭാവം രാജ്യത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
അതേസമയം ടെസ്റ്റിങ് കിറ്റുകള്‍ കുറവായതുകൊണ്ട് വ്യാപകമായ ടെസ്റ്റിങ് നടത്തുന്നതും ബുദ്ധിമുട്ടാണ്. കൂടുതല്‍ ടെസ്റ്റിങ് കിറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഈ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെസ്റ്റിങ്ങിന് പോലിസിന്റെ സഹായവും തേടിയിട്ടുണ്ട്.
ബീഹാറില്‍ നേരത്തെ തന്നെ വിപുലമായ ടെസ്റ്റിങ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഛത്തീസ്ഗഡിലും നടപ്പാക്കിത്തുടങ്ങി. ഈ മാതൃകയില്‍ തന്നെ മറ്റിടങ്ങളിലും നടപ്പാക്കാനാണ് ആലോചിക്കുന്നത്. ബീഹാറില്‍ വീടുവീടാന്തരം കയറിയിറങ്ങി സര്‍വ്വെ നടത്താന്‍ തീരുമാനിട്ടിട്ടുണ്ട്.
