ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ടയ്ക്കും ചെല്‍സി ഫുട്‌ബോള്‍ താരം കാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആഴ്‌സനല്‍, ചെല്‍സി ടീമംഗങ്ങളോടും സ്റ്റാഫുകളോടും സ്വയം ഐസോലേഷനില്‍ കഴിയാന്‍ ക്ലബ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചിട്ടുണ്ട്.
നേരത്തെ ഇറ്റലിയുടെ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിയ്ക്ക് കൊവിഡ് 19 ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും ഏപ്രില്‍ മൂന്നു വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് 19 മൂലം മരിച്ചത് ഇറ്റലിയിലാണ്.
കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് മുഴുവനായി ഇതിനോടം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്.
