ബിഹാറിൽ 264 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത് 29-ാം ദിവസം തകർന്നുവീണു. ഗോപാൽഗഞ്ചിൽ നിന്നും ചംപരണിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് കനത്ത മഴയ്ക്ക് പിന്നാലെ തകർന്നത്.
29 ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലം ഉദ്ഘാടനം ചെയ്തത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. 2012 ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം എട്ട് വർഷമെടുത്താണ് പൂർത്തീകരിച്ചത്. ജൂൺ 16 നാണ് പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തത്.
ഗന്ധക് നദിക്ക് കുറുകേയാണ് പാലം നിർമിച്ചത്. മഴയെ തുടർന്ന് ഗന്ധക് നദിയിലെ കുത്തൊഴുക്കിൽ പാലത്തിൻ്റെ ഒരു ഭാഗം തകർന്നു പുഴയിലേക്ക് വീഴുകയായിരുന്നു. നേപ്പാളിലും ശക്തമായ മഴ തുടരുന്നത് ബിഹാറിലെ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാക്കുന്നു. നിർമ്മിച്ച് ഒരുമാസമാകും മുമ്പ് പാലം തകർന്നത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
