രാജ്യത്തെ സാമ്പത്തീക പ്രതസന്ധി മറികടക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന് പേരില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ജിഡിപിയുടെ 10 ശതമാനം വരുമിത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സാമ്പത്തിക പാക്കേജ് രാജ്യത്തെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനും നികുതി ദായകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം നാല് മാസമായി കൊവിഡുമായി യുദ്ധത്തിലാണ്. ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചു. നമ്മള്‍ പോരാട്ടം തുടരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം ഒരു സാഹചര്യം രാജ്യം മുമ്പ് നേരിട്ടിട്ടില്ല. നിരവധി ജീവനുകള്‍ നഷ്ടമായി. എന്നാല്‍ നാം കീഴങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരുമെന്നും മോദി പറഞ്ഞു.
ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് കരുതപ്പെടുന്നത്. ഇതിനെ, കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്ന് വിഭജിക്കാവുന്നതാണ്.
ഇന്ത്യ ലോകത്തിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ലോകത്തിന് യോഗ ഉള്‍പ്പെടെ ഇന്ത്യ നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. ഇപ്പോള്‍ ഇന്ത്യ നല്‍കിയ മരുന്നുകള്‍ ലോകത്തിന് രക്ഷയാകുന്നു. ലോകം നമ്മുടെ കഴിവിനെ അംഗീകരിക്കുന്നു. സ്വയം പ്രതിരോധത്തിന് 130 കോടി ജനങ്ങള്‍ പ്രതിഞ്ജയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്പദ് വ്യവസ്ഥ, അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്ന ഭരണസംവിധാനം, ചടുലമായി പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍, സാമ്പത്തികചോദന എന്നിവയാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ അഞ്ച് തൂണുകള്‍. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിച്ചു. പ്രാദേശിക കമ്പോളങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കും. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സാമ്പത്തിക പാക്കേജ് വേണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഇന്നലത്തെ യോഗത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഓരോ മേഖലകള്‍ക്കും എത്ര തുക നീക്കിവയ്ക്കും സംസ്ഥാനങ്ങള്‍ക്ക് എത്രമാത്രം വിഹിതം ലഭിക്കും എന്നതെല്ലാം സംബന്ധിച്ച വിശദ വിവരങ്ങള്‍ ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്.
