വീട്ടില്‍ വ്യാജമദ്യം ഒളിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഓച്ചിറ പായിക്കുഴിയില്‍ തോട്ടത്തില്‍ വീട്ടില്‍ അനൂപ്(38)ആണ് 124 കുപ്പി വ്യാജമദ്യവുമായി പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അനൂപിന്റെ വീടിനു പിന്നില്‍ വിറകുപുരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജമദ്യം.
ഇത് സ്പിരിറ്റില്‍ കളര്‍ ചേര്‍ത്തുണ്ടാക്കിയതാണെന്ന് സംശയിക്കുന്നു. കുറച്ച് ദിവസങ്ങളായി ഓച്ചിറയിലും പരിസരങ്ങളിലും വ്യാജമദ്യ കച്ചവടം നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് രഹസ്യ അന്വേഷണം നടത്തിയാണ് അനൂപിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
