കൊവിഡ് കാരണം പ്രതിസന്ധിയിലായ വ്യവസായങ്ങളെ തിരിച്ചുപിടിക്കാൻ തൊഴിൽ നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തുകയാണ് സംസ്ഥാന സർക്കാരുകൾ. തൊഴിലാളികളെ വളരെയധികം ബാധിക്കുന്ന അവരുടെ അവകാശങ്ങളെ കവർന്നെടുക്കുന്ന നിയമങ്ങളാണ് അവയിൽ പലതും.
ഇത്തരത്തിൽ ഉത്തർ പ്രദേശിലെ ആദിത്യനാഥ് സർക്കാർ പുറപ്പെടുവിച്ച തൊഴിലാളി വിരുദ്ധമായ ഉത്തരവ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. വ്യവസായ മേഖലയില്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഷിഫ്റ്റ് ഏര്‍പ്പെടുത്തിക്കൊണ്ട് ഇറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്.
തൊഴിലാളികളുടെ അവകാശത്തെ കവർന്നെടുക്കുന്ന ഉത്തരവ് വലിയ വിവാദമായതോടെയാണ് പിന്‍വലിച്ചത്. മെയ് എട്ടിനാണ് വിവാദ ഉത്തരവിറക്കിയത്. ജൂലൈ 19 വരെ അധികസമയ ജോലി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവിറക്കിയത്.
നിലവിലുള്ള ഫാക്ടറീസ് ആക്ട് പ്രകാരം എട്ട് മണിക്കൂര്‍ ജോലിയാണ് ഒരാളെ കൊണ്ട് ചെയ്യിക്കാനാവുക. ഇത് 12 മണിക്കൂര്‍ വരെയാകാമെന്നാണ് നീട്ടിയ ഉത്തരവില്‍ പറഞ്ഞത്. ഉത്തരവിനെതിരെ യു.പിയിലെ തൊഴിലാളി സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഉത്തരവ് പിന്‍വലിച്ചത്.
