രാജ്യത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കണ്ടെയ്ൻമെന്‍റ് സോണുകൾ അഥവാ ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.
മൂന്നു ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നത്. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിങ് മാളുകള്‍ക്ക് എന്നിവയ്ക്ക് ജൂണ്‍ 8 മുതല്‍ പ്രവര്‍ത്തിക്കാം. പൊതുജനാരോഗ്യസുരക്ഷമുന്‍നിര്‍ത്തിക്കൊണ്ട് ഇവ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിക്കും.
സ്‌കൂള്‍, കോളേജുകള്‍, പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കും. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, എന്നിവരുമായി കൂടിയാലോചിച്ച് ജൂലൈ മാസത്തോടെ തീരുമാനമെടുക്കും.
അന്താരാഷ്ട്ര വിമാനസർവീസുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനം വരും. നൈറ്റ് കർഫ്യൂ നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാക്കി ഇളവ് നൽകി. നിലവിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കർഫ്യൂ.
