ഡല്‍ഹിയിലെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളെ വെറും സംഘര്‍ഷമാക്കി ദേശിയ മാധ്യമങ്ങള്‍ ചുരുക്കുമ്പോള്‍ അതിഭീതിജനകമായ സാഹചര്യമാണ് ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഉള്ളതെന്ന് തന്റെ അനുഭവം പങ്ക് വച് ടൈംസ് ഓഫ് ഇന്ത്യാ ഫോട്ടോഗ്രാഫര്‍. ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫറോട് മതം ചോദിച്ച് അക്രമകാരികള്‍ വളയുകയായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ തന്റെ മതം ചോദ്യം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
”ഇന്നലെ ഉച്ചയ്ക്ക് 15.15ന് മൗജ്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതലാണ് ഭയാനകമായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. ഞാന്‍ അവിടെ എത്തിയ ഉടനെ തന്നെ ഒരു ഹിന്ദു സേന പ്രവര്‍ത്തകന്‍ എന്നെ സമീപിച്ചു. നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ ആവശ്യപ്പെട്ടു. അതുണ്ടെങ്കില്‍ നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന് അയാള്‍ പറഞ്ഞു. എന്റെ കയ്യിലുള്ള ക്യാമറ അയാള്‍ക്കു കാണാമായിരുന്നു. ഞാനൊരു മാധ്യമപ്രവര്‍ത്തകനാണെന്ന് അയാള്‍ക്കു മനസ്സിലാകുകയും ചെയ്തു. എന്നിട്ടും അയാള്‍ എന്നെ നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ നിര്‍ബന്ധിച്ചു. നിങ്ങളും ഒരു ഹിന്ദുവാണ്, ബയ്യാ. എന്താണ് കുഴപ്പമെന്നു ചോദിച്ചു”- മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
പിന്നീട് ഒരു 15 മിനുട്ടിനു ശേഷം പ്രദേശത്ത് കല്ലേറുണ്ടായി. മോദി, മോദി മുദ്രാവാക്യങ്ങള്‍ മുഴങ്ങി. തൊട്ടടുത്ത ബില്‍ഡിങ് കത്തുന്നത് തന്റെ ശ്രദ്ധയില്‍പെട്ടു. ചിത്രങ്ങളെടുക്കാന്‍ ബില്‍ഡിങ്ങിനടുത്തേക്ക് ഓടിയ തന്നെ ശിവമന്ദിറിനു സമീപം ചിലര്‍ തടഞ്ഞു. ചിത്രങ്ങള്‍ എടുക്കാന്‍ പോകുകയാണെന്നു താന്‍ പറഞ്ഞെങ്കിലും അവര്‍ തന്നോട് പോകരുതെന്നു വിലക്കി. നിങ്ങളും ഒരു ഹിന്ദുവാണ്. എന്തിനാണ് അവിടേക്കു പോകുന്നത്. ഹിന്ദുക്കള്‍ ഇന്ന് ഉണര്‍ന്നിരിക്കുകയാണ് എന്നെല്ലാം അവര്‍ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, ബാരിക്കേഡുകള്‍ക്കു സമീപത്തുകൂടി സ്ഥലത്തെത്തി താന്‍ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയതും മുളവടികളുമായി ഒരു സംഘം തന്നെ വളഞ്ഞു. തന്റെ കൈവശമുള്ള ക്യാമറ നശിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ ഈ സമയത്ത് തന്റെ കൂടെ വന്ന റിപ്പോര്‍ട്ടര്‍ സാക്ഷി ചന്ദ് തനിക്കു മുന്നില്‍ കയറി നില്‍ക്കുകയും ധൈര്യമുണ്ടെങ്കില്‍ തന്നെ ആക്രമിക്കൂവെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ അക്രമികള്‍ തിരിച്ചുപോകുകയായിരുന്നു.
ഇതു കഴിഞ്ഞ് കുറച്ചു യുവാക്കള്‍ സമീപത്തെത്തി. നിങ്ങള്‍ വളരെ സമര്‍ത്ഥനാണെന്ന ‘പ്രശംസ’ തന്നു. തൊട്ടടുത്ത ചോദ്യം നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിം ആണോ എന്നായിരുന്നു. മതം വെളിപ്പെടുത്താന്‍ അവര്‍ തന്നോട് പാന്റ്സ് അഴിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഒരു ഫോട്ടോഗ്രാഫര്‍ മാത്രമാണെന്ന് അവരോട് പറഞ്ഞു. ഇതുകേട്ട അവര്‍ തന്നെ കുറച്ച് ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തുനിന്ന് ഓഫീസിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയപ്പോഴും ഭീഷണിയുണ്ടായി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരത്തില്‍ തന്റെ മതം ചോദ്യം ചെയ്യപ്പെട്ട അനുഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
