ഹിന്ദുനായികയെ മുസ്ലീം നായകന്‍ രക്ഷപ്പെടുത്തി; ടിവി സീരിയല്‍ സംഘപരിവാര്‍ സംഘടനകള്‍ നിര്‍ത്തിച്ചു

സംഘപരിവാര്‍ സംഘടനകളുടെ ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് ആസമില്‍ ടെലിവിഷന്‍ സീരിയല്‍ സംപ്രേക്ഷണം നിര്‍ത്തി. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് സീരിയല്‍ നിര്‍ത്തുന്ന തരത്തിലേക്ക് മാറിയത്.

രംഗോണി ചാനലിലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. ബീഗം ജാന്‍ ഹിന്ദുക്കളെയും ആസാമീസ് സംസ്‌കാരത്തെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിക്കുന്നു. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് സീരിയല്‍. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കള്‍ പറയുന്നത്.

അതേലമയം ലൗ ജിഹാദ് ആരോപണം ആരുടെയോ ഭാവനയാണെന്നാണ് സീരിയലില്‍ നായികയായി അഭിനയിച്ച പ്രീതി കൊങ്കണയുടെ പ്രതികരണം. ഒരു പ്രതിസന്ധി ഘട്ടത്തില്‍ നായികയെ മുസ്ലിമായ നായകന്‍ സഹായിക്കുന്നുവെന്നേയുള്ളൂ. എന്നാല്‍ ഹിന്ദു നായിക മുസ്ലിം നായകനൊപ്പം ഒളിച്ചോടിയെന്ന വര്‍ഗീയ പ്രചാരണമാണുണ്ടായതെന്ന് പ്രീതി വിശദീകരിച്ചു. സീരിയലില്‍ ഒരു തരത്തിലുമുള്ള വര്‍ഗീയതയുമില്ല. മറിച്ച് മനുഷ്യത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രീതി പറഞ്ഞു.

സീരിയലിനെതിരായ ആരോപണങ്ങളില്‍ ഒരു വസ്തുതയുമില്ലെന്ന് രംഗോണി ടിവി മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് നരെയ്ന്‍ പറഞ്ഞു. ഏതെങ്കിലും മതത്തിന് എതിരല്ല ആ സീരിയല്‍. വിലക്കിനെതിരെ നിയമ വശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സഞ്ജീവ് വിശദീകരിച്ചു,

10 അംഗ മോണിറ്ററിങ് കമ്മിറ്റി പരാതി പരിശോധിച്ചെന്നും സീരിയല്‍ വിലക്കാന്‍ ശുപാര്‍ശ ചെയ്തെന്നും ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ മുന്ന പ്രസാദ് അറിയിച്ചു. സീരിയല്‍ മതവികാരം വ്രണപ്പടുത്തുന്നുവെന്ന പരാതി പരിഗണിച്ച് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സീരിയല്‍ താത്കാലികമായി വിലക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ രണ്ട് മാസത്തെ വിലക്ക് പോരെന്നും എന്നന്നേക്കുമായി ബീഗം ജാന്‍ നിരോധിക്കണമെന്നുമാണ് ഹിന്ദു ജാഗരണ്‍ മഞ്ച് ആവശ്യപ്പെടുന്നത്.

Vinkmag ad

Read Previous

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം; മാപ്പു പറഞ്ഞ് യുവാവ്

Read Next

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ; ശിക്ഷ നീട്ടിവച്ചു

Leave a Reply

Most Popular