ഹിന്ദി അറിയില്ലെന്ന കാരണത്താൽ ഇന്ത്യാക്കാരിയാണോ എന്ന ചോദ്യം നേരിടേണ്ടിവന്നെന്ന് ഡിഎംകെ എംപി കനിമൊഴി. കനിമൊഴി വന്നിറങ്ങിയ വിമാനത്താവളത്തിലെ ഒറു സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് ഇത്തരം ഒരും സംശയം ഉന്നയിച്ചത്.
ഹിന്ദിവത്ക്കരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന ഇത്തരമൊരു സന്ദർഭം ട്വീറ്റ് വഴിയാണ് കനിമൊഴി പുറത്തുവിട്ടത്. തമിഴ് ജനതയിൽ നിന്നും വലിയ പ്രതികരണമാണ് ട്വീറ്റിന് ലഭിച്ചത്.
‘ഹിന്ദി അറിയാത്തതിനാൽ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു.. ഇതിനെ തുടർന്നാണ് ഞാൻ ഇന്ത്യക്കാരി തന്നെയാണോയെന്ന സംശയം ഉയർന്നത്. ഹിന്ദി അറിയുക എന്നത് ഇന്ത്യക്കാരനാകുന്നതിന് തുല്യമായത് എന്നു മുതലാണെന്ന് അറിയാൻ ആഗ്രഹിക്കുന്നു’ എന്നാണ് കനിമൊഴി ട്വീറ്റ് ചെയ്തിരിക്കുന്നത്.
പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെട്ട ത്രിഭാഷ പഠന സമ്പ്രദായത്തെയും സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ ഭേദമന്യേ എതിർക്കുന്നുമുണ്ട്. സ്വന്തം ഭാഷയ്ക്കും സംസ്കാരത്തിനും മറ്റെന്തിനെക്കാളും വിലമതിക്കുന്ന തമിഴ് മക്കൾ ഹിന്ദി ഭാഷ പഠനം അടിച്ചേൽപ്പിക്കല്‍ ആയാണ് കരുതുന്നത്. ത്രിഭാഷ ഫോർമുല നടപ്പിലാക്കുന്നത് തൽക്കാലം നിർത്തി വയ്ക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
