സ്വര്‍ണക്കടത്ത് കേസിൽ കൂടുതൽ കണ്ണികളെന്ന് സംശയം. മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയില്‍. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം.
സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് സൂചന. ഇവരുടെ സ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്ത് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. വിപുലമായ റാക്കറ്റാണ് സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താന്‍ വിപുലമായ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാൽ അവർ എവിടെയെന്നതിന് ഒരു തുമ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന് ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നു
സ്വപ്‌നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ ഏതാണ്ട് ആറ് മണിക്കൂര്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചില രേഖകളും പെന്‍ഡ്രൈവും ലാപ്‌ടോപ്പും കണ്ടെത്തിയിരുന്നു.
