തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. 2015 മാര്‍ച്ചില്‍ റമീസ് കരിപ്പൂരില്‍ കാര്‍ഗോയിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു.
കാര്‍ഗോ വഴി സ്വര്‍ണം കടത്താമെന്ന ആശയത്തിന് തുടക്കമിട്ടത് തന്നെ റമീസ് ആയിരുന്നന്നാണ് പുറത്ത് വരുന്ന വിവരം. കരിപ്പൂരില്‍ കാര്‍ഗോയിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി സന്ദീപുമായി ചേര്‍ന്ന് പുതിയവഴികള്‍തേടി. കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ച് കാര്‍ഗോവഴി എങ്ങനെ സ്വര്‍ണം കടത്താമെന്ന് ചിന്തയാണ് നയതന്ത്ര ബാഗ് എന്ന ആശയത്തിലെത്തിയയത്. അതിന് കൂട്ടായിട്ടാണ് സ്വപ്നയെയും സരിത്തിനെയും സംഘത്തില്‍ചേര്‍ത്തത്.
അതിനിടെ സ്വപ്ന സുരേഷന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ഇന്ന്. മൂന്നു ദിവസത്തേക്ക് എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത ഇരുവരും അങ്കമാലിയിലെയും തൃശൂരിലെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരുടെയും കോവിഡ് പരിശോധനഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കും.
അതോടൊപ്പം എന്‍ഐഎയുടെ പത്തുദിവസത്തെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. സ്വപ്നയുടെയും സന്ദീപിന്‍റെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത കെ.ടി. റമീസിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
