സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാര്‍തന്നെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ അന്വേഷണത്തിന് മുന്‍പേ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സെക്രട്ടറിയേറ്റിലെതെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്‍ഐഎ അടിയന്തരമായി കസ്റ്റഡിയില്‍ എടുക്കണം.
സെക്രട്ടറിയേറ്റിലെ ഇടിമിന്നലില്‍ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എന്‍ഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു. സ്പീക്കറും മന്ത്രിയും മന്ത്രിയുടെ പിഎയും അടക്കം സര്‍ക്കാരുമായി ബന്ധപ്പെട്ട എട്ടു പേര്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ശ്രമം നടക്കുന്നത്.
സെക്രട്ടറിയേറ്റില്‍ നടക്കുന്ന കരാര്‍ നിയമനങ്ങള്‍ കിന്‍ഫ്ര വഴിയാണ് നടപ്പാക്കുന്നത്. മിന്റ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഒരു മാസം 20 ലക്ഷം രൂപയുടെ ശമ്പളം ഇവര്‍ക്ക് നല്‍കുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാകണം. ചീഫ് സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഓഫീസ് ഭരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി നാട് എങ്ങനെ ഭരിക്കും. മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചാല്‍ തിരിച്ചും കളിക്കും. സഭാ സമ്മേളനം തീരുമാനിച്ചത് സര്‍ക്കാരാണ്. അതിനോട് സഹകരിക്കുന്നു. മാധ്യമ പ്രവര്‍ത്തകരാണ് തന്റെ പി ആര്‍ ഏജന്‍സി. തങ്ങള്‍ കണ്‍സല്‍റ്റന്‍സിക്ക് എതിരല്ല, പക്ഷേ കാര്യങ്ങള്‍ സുതാര്യമാകണം എന്നാണ് നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് കണ്‍സെല്‍റ്റന്‍സി രാജ് എന്നത് തെറ്റായ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
