സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിന്റെ സിനിമാ ബന്ധങ്ങള്‍ക്കുള്ള തെളിവുകള്‍ പുറത്ത്. ഫഹദ് ഫാസില്‍ നായകനായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ഫൈസല്‍ അഭിനയിച്ചതായണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014 ലാണ് ചിത്രം പുറത്തിറങ്ങിയത്.
ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ ചിത്രീകരിച്ച സീനിലാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോലീസ് വേഷത്തിനായി അറബ് മുഖഛായയുള്ള രണ്ട് യുവാക്കളെ വേണമെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ വാസുദേവന്‍ മുന്നോട്ടുവെച്ച ആവശ്യം. ഫൈസല്‍ ഫരീദാണ് അന്ന് ചിത്രത്തില്‍ അഭിനയിച്ചതെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന് സംവിധായകന്‍ വാസുദേവന്‍ സനല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഫൈസലിനെ ഓര്‍ക്കുന്നില്ലെന്നും വാസുദേവന്‍ പറഞ്ഞു.
2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകളില്‍ കയറിപ്പറ്റാന്‍ ഫൈസല്‍ ശ്രമം നടത്തിയിരുന്നെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ഇയാള്‍ക്ക് സിനിമാ ബന്ധങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
