സ്വര്‍ണക്കടത്തുകേസില്‍ ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകനും സിനിമാ ബന്ധമുള്ള എംഎല്‍എയേയും കസ്റ്റംസും എന്‍ ഐ എയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. ജനം ടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്‌നസുരേഷിനെ വിളിച്ചതായി നേരത്തെ വാര്‍ത്തയായിരുന്നു ഈ സാഹചര്യത്തിലാണ് അനില്‍ നമ്പ്യാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
യു.എ.ഇ ഉദ്യോഗസ്ഥന്‍ കസ്റ്റംസിന് മൊഴിനല്‍കുമ്പോള്‍ പിടിച്ചത് നയതന്ത്ര പാഴ്സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും പറഞ്ഞാല്‍ മതിയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞതായും സ്വപ്ന പറഞ്ഞു.കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത ജൂലൈ അഞ്ചിന് ശേഷം ഉച്ചയ്ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സ്വപ്നയെ വിളിച്ചത്. കസ്റ്റംസ് മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്തേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വഴി യു.എ.ഇയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നു സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
സ്വപ്നയെ വിളിച്ചത് കോണ്‍സുലര്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണെന്ന ധാരണയിലാണ് വിളിച്ചതെന്നും യു.എ.ഇ കോണ്‍സുലര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം തനിക്കറിയില്ലായിരുന്നെന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ നല്‍കുന്ന വിശദീകരണം.
അതേ സമയം സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന സിനിമാ നടനായ എംഎല്‍എയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. ഇതിനുവേണ്ടിയുള്ള പ്രാരംഭ നടപടികള്‍ എന്‍ ഐ എ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്‌നയുടെ പുറത്തുവന്ന ടെലിഫോണ്‍ ലിസ്റ്റില്‍ ഈ പട്ടിയില്ലെങ്കിലും സ്വപ്‌നയുമായി അടുത്ത ബന്ധം ഈ എംഎല്‍എയ്ക്കുണ്ടെന്ന സൂചനയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സരിതാ കേസിലും ഈ എംഎല്‍എ വിവാദത്തിലായിരുന്നു.
