തിരുവനന്തപുരം സ്വര്‍ണക്കടത്തിന് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം കോടതിയെ അറിയിച്ച് എന്‍.ഐ.എ. യു.എ.ഇയിലേക്ക് സ്വര്‍ണം എത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണെന്ന് സംശയമുണ്ടെന്നും ഇത് അതീവഗൗരവകരമായ വിഷയമാണെന്നുമാണ് എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് ആഫ്രിക്കയിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമെന്ന സൂചന നല്‍കി എന്‍ ഐ എ. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതിയായ റമീസ് ആഫിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിരവധി തവണ സന്ദര്‍ശിച്ചതും അവിടെ നിന്ന് ഇറക്കുമതി നടത്തിയതും ചൂണ്ടികാട്ടിയാണ് എന്‍ ഐ എ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്. ആഫ്രിക്കന്‍ ലഹരി മാഫിയയുടെ ബന്ധത്തെക്കുറിച്ച് എന്‍.ഐ.എ. സംശയം പ്രകടിപ്പിച്ച്ത് സ്വപ്‌ന സുരേഷിന്റെ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലായിരുന്നു.
അതേസമയം, എന്‍.ഐ.എ. സംഘം കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറി പൂര്‍ണമല്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരായത് അതിന്റെ തെളിവാണെന്നും പ്രതിഭാഗം ആരോപിച്ചു. സ്വപ്നയുടെ കൈവശമുള്ള സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാന്‍ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹചടങ്ങുകളില്‍ സ്വപ്ന അഞ്ച് കിലോ സ്വര്‍ണാഭാരണങ്ങള്‍ ധരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
