സ്വർണക്കടത്തിന്‍റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് വർഷങ്ങൾക്ക് മുൻപേ ക്രിമിനൽ പശ്ചാത്തലം. എയർ ഇന്ത്യ സ്റ്റാറ്റ്സിൽ ജോലി ചെയ്യുമ്പോൾ പെൺകുട്ടിയെ നിർബന്ധിച്ച് ആൾമാറാട്ടത്തിന് വിധേയയാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സർക്കാരിന്‍റെ ഐ.ടി ഉദ്യോഗസ്ഥയാണെന്ന വിവരം അന്വേഷണത്തിനിടെ മറച്ചുവയ്ക്കുകയും ചെയ്തു. സ്വപ്ന ഉപദ്രവിച്ചതായി ബന്ധുവായ മറ്റൊരുയുവതി ഒന്നര വർഷം മുമ്പ് പോലീസിലും പരാതി നൽകിയിരുന്നു.
2013 മുതൽ 2016 വരെ സ്വപ്ന , തിരുവനന്തപുരം വിമാനത്താവളത്തിൽ എയർപോർട്ട് സർവീസിങ്ങ് കമ്പനിയായ എയർ ഇന്ത്യ സ്റ്റാറ്റ്സിൽ എച്ച്. ആർ മാനേജറായിരുന്നു. ആ കാലഘട്ടത്തിൽ നടത്തിയ ക്രിമിനൽ കുറ്റമാണ് പുറത്തായിരിക്കുന്നത്. എയർ ഇന്ത്യ ഗ്രൗണ് ഹാൻഡ്ലിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ എൻ. എസ്. സിബുവിനെതിരെ 17 പെൺകുട്ടികളെ ഉപയോഗിച്ച് വ്യാജ പീഡന പരാതി നൽകി. ഒരു പെൺകുട്ടിയെ വ്യാജ പേരിൽ അവതരിപ്പിച്ചും 15 പേരുടെ ഒപ്പ് വ്യാജമായി ഇട്ടുമായിരുന്നു പരാതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
സ്വർണ്ണക്കടത്ത് കേസിൽ പിടിവീഴുമെന്ന് ഉറപ്പായപ്പോൾ ഡിപ്ലോമാറ്റിക് ബാഗേജ് തിരിച്ചയക്കാൻ ശ്രമം നടന്നെന്നും കണ്ടെത്തൽ. വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജ് തിരിച്ചയക്കാൻ കോൺസുലേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ക്ഡൗണിന്റെ പേരുപറഞ്ഞ് ബാഗേജ് തിരിച്ചയക്കുന്നത് കസ്റ്റംസ് രണ്ട് ദിവസം വൈകിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് ബാഗേജ് വന്നത്. 25 കിലോ ഭാരമെന്നായിരുന്നു പറഞ്ഞതെങ്കിലും തൂക്കി നോക്കിയപ്പോൾ 79 കിലോയോളം തൂക്കമുണ്ടായിരുന്നു. തൂക്കം അധികമാണെന്ന് പറഞ്ഞ് കസ്റ്റംസ് വിഭാഗം ബാഗേജ് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇതിന് പിന്നാലെയാണ് ബാഗേജ് തിരിച്ചയക്കാൻ ശ്രമം നടന്നത്.
ഇതിനിടെ സരിത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമായി. സ്വർണ്ണം ഒളിപ്പിച്ചിരുന്ന ഡിപ്ലോമാറ്റിക് ബാഗേജ് തുറന്നാൽ ജോലി കളയിക്കുമെന്നായിരുന്നു ഭീഷണി. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴിയും പരിശോധന തടസപ്പെടുത്താൻ ശ്രമം നടന്നു. ഇയാളിപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
