പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരിൻ്റെ നയപരിപാടികളും കടുത്ത വിമർശനത്തിന് വിധേമാകുകയാണ്. രണ്ടാം മോദി സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ തീരുമാനങ്ങൾ രാജ്യത്തെ ജനാധിപത്യത്തെതന്നെ ബാധിക്കുകയാണ്. ഏറ്റവും കുറവ് സ്വതന്ത്ര ജനാധിപത്യമുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നു.
അമേരിക്കയിലെ വാഷിങ്ടൺ ആസ്ഥാനമായുള്ള രാജ്യാന്തര ഏജൻസിയായ ഫ്രീഡം ഹൗസിൻ്റെ സ്വതന്ത്ര സൂചിക റിപ്പോർട്ടിൽ ഇന്ത്യ 83-ാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 85 രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്. ഇന്ത്യക്ക് താഴെ തിമോറും സെനഗലും മാത്രമേയുള്ളൂ.
അസമിൽ എൻആർസി ലിസ്റ്റ് പ്രസിദ്ധീകരിച്ചതും കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അടക്കമുള്ള വിഷയങ്ങളാണ് ഇന്ത്യയുടെ ജനാധിപത്യ നിലവാരത്തെ പിന്നോട്ടടിച്ചത്. കൂടാതെ പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതിയും രാജ്യത്ത് പലയിടത്തും പ്രത്യേകിച്ച് കശ്മീരിൽ നടപ്പിലാക്കിയ ഇൻ്റർനെറ്റ് നിരോധനവും എല്ലാം ഇന്ത്യയുടെ സ്ഥാനം പിന്നിലാകാൻ കാരണമായി.
2017-ൽ 77 പോയിൻ്റുണ്ടായിരുന്ന ഇന്ത്യ 2019 ൽ 75 പോയിൻ്റിലേക്കും 2020 ൽ നാല് പോയിൻ്റ് ഒരുമിച്ച് താഴ്ന്ന് 71 പോയിൻ്റിലേക്കും എത്തുകയായിരുന്നു. മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ് വസ്തുതകൾ സൂചിപ്പിക്കുന്നന്നത്.
രാജ്യത്ത് ഹിന്ദു ദേശീയവാദ നടപടികൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഇതിൻ്റെ ഫലമായാണ് ഹിന്ദു ആഭിമുഖ്യമുള്ളതും മുസ്ലീങ്ങൾ അടക്കമുള്ളവരെ മാറ്റിനിർത്തുന്നതുമായ നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത്. ഇത് ജനാധിപത്യത്തിൻ്റെ അന്ത്യത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത്.
