സ്പ്രിൻക്ളർ വിവാദത്തിൽ ബിജെപിക്കകത്ത് ആശയക്കുഴപ്പം. പാർട്ടിയിൽ രണ്ട് ചേരി രൂപപ്പെട്ടു. കരാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നിലപാട് ഒരു വിഭാഗം തള്ളി.
സ്പ്രിൻക്ളർ വിവാദത്തിൽ കെ സുരേന്ദ്രൻ ആവശ്യപ്പെട്ട വിജിലൻസ് അന്വേഷണം ഈ വിഷയത്തിൽ മതിയാകില്ലെന്നാണ് എം.ടി രമേശ് അടക്കമുള്ളവരുടെ വാദം. ഇത് പരസ്യമാക്കി എംടി രമേശ് രംഗത്തെത്തി.
കരാറിനെ കുറിച്ച് സി.ബി.ഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ചോദിച്ചിരിക്കുകയാണ് എം. ടി രമേശ്. രാജ്യാന്തര ബന്ധമുള്ള കരാർ വിശദാംശങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ തന്നെ വേണമെന്നാണ് രമേശ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്. നേരത്തെ സുരേന്ദ്രൻ്റെ സ്ഥാനലബ്ദിയിൽ വിമർശനമുണ്ടായിരുന്നവർ പരസ്യമായി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സ്പ്രിൻക്ളർ ഇടപാടിൽ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം?.രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോൾ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ‘ഓപ്പറേഷൻ വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂ…
