സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്നും പിന്മാറുന്നതായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ട്വീറ്റ് വലിയ ചർച്ചയായിരുന്നു. എന്നാൽ മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നതല്ലെന്നും ഞായറാഴ്ച ഒരു ദിവസം മാത്രം മാറിനിൽക്കുന്നതാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
എന്നാൽ മോദിയുടെ ട്വീറ്റിനെത്തടുർന്ന് വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയിയിൽ ഉയർന്നത്. സോഷ്യൽ മീഡിയയിൽ ഒളിച്ചിരിക്കുന്ന ആളാണ് മോദിയെന്നും വിമർശനം ഉയർന്നു. പുറത്തുവരാൻ മോദിയെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി.
പത്രസമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചിരിക്കുകയാണ് മഹുവ മൊയ്ത്ര. മോദി കടലാസ് കടുവയെ പോലെയാകാതെ സാമൂഹ്യമാധ്യമത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ജനങ്ങളേയും അവരുടെ ചോദ്യങ്ങളെയും നേരിടണമെന്നും മഹുവ പറഞ്ഞു. യഥാര്‍ത്ഥ നേതാക്കള്‍ ചെയ്യുന്നതു പോലെ ഒരു തവണയെങ്കിലും യഥാര്‍ത്ഥ പത്രസമ്മേളനം നടത്തുവെന്നും മഹുവ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
