സൈന്യവുമായി ബന്ധമുള്ള രംഗങ്ങൾ സംപ്രേക്ഷണം ചെയ്യാൻ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന നിർദ്ദേശവുമായി പ്രതിരോധ മന്ത്രാലയം. സിനിമകളും ഡോക്യുമെൻ്ററികളും വെബ് സീരീസുകൾക്കും ഇത് ബാധകമാണെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനയച്ച നർദ്ദേശത്തിൽ മന്ത്രാലയം പറയുന്നു.
സായുധ സേനയെയും സൈനിക യൂനിഫോമിനെയും സിനിമകളിലും വെബ് സീരീസുകളിലും അങ്ങേയറ്റം മോശമായി ചിത്രീകരിച്ചെന്ന് കാട്ടിയുള്ള ചില പരാതികൾ ലഭിച്ചതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു. സിനിമകളിലും വെബ്‌സീരീസുകളിലും സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉണ്ടെങ്കിൽ ഇനിമുതൽ എൻ.ഒ.സി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കും. ആഗസ്റ്റ് ഒന്ന് മുതലായിരിക്കും നിയന്ത്രണം ബാധകമാവുക.
സമീപ കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത ഒരു വെബ്‌സീരീസിൽ സൈന്യവുമായി ബന്ധപ്പെട്ടുള്ള രംഗങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണെന്നും സായുധ സേനയെ വികലമായി അവതരിപ്പിച്ചെന്നുമാണ് ആരോപണം. എന്തായാലും ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ നിബന്ധന സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രാലയം അയച്ചിട്ടുണ്ട്.
