കേരളത്തിൽ ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റായി കെ സുരേന്ദ്രൻ ചുമതല ഏൽക്കുമ്പോൾ അത് ബിജെപിയെ ഏതൊക്കെ നിലയിലാണ് ഈ സ്ഥാനാരോഹണം ബാധിക്കുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബിജെപിയിലെ ഒളിഞ്ഞിരിക്കുന്ന എല്ലാ അഴുക്കുകളും ഈ അവസരത്തിൽ പുറത്തുവരുകയാണ്.
തലസ്ഥാനത്തെ കുന്നുകുഴിയിലുള്ള പാർട്ടി അസ്ഥാനത്തുവച്ച് നടന്ന ചടങ്ങിലാണ് സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
അതേസമയം കുമ്മനം രാജശേഖരൻ, എ.എൻ രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവർ ഈ സുപ്രധാന ചടങ്ങിന് എത്തിയില്ല. നേരത്തെ കൃഷ്ണദാസ് പക്ഷം ഈ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലടക്കം വലിയരീതിയിലുള്ള വിമർശനമാണ് ബിജെപി അണികളിൽ നിന്നും സുരേന്ദ്രൻ ഏറ്റുവാങ്ങുന്നത്.
പിന്നാക്ക ജാതിക്കാരനാണ് എന്നതാണ് സുരേന്ദ്രന് ബിജെപിക്കകത്ത് തിരിച്ചടി നൽകുന്ന ഒരു ഘടകം. ശബരിമല സമരം നയിച്ച് ബിജെപി അണികളുടെ ഹൃദയത്തിൽ ഇടം നേടിയെങ്കിലും നായർ ലോബിയുടെ ഇടപെടൽ സുരേന്ദ്രന് എപ്പോഴും തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഉപതെരഞ്ഞെടുപ്പ് സമയത്ത് കാനന പാതയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന സുരേന്ദ്രൻ്റെ വീഡിയോ പുറത്തുവന്നതും മാധ്യമങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ദാർഷ്ഠ്യം നിറഞ്ഞ മനോഭാവവും തിരിച്ചടി നൽകുന്ന ഘടകങ്ങളാണ്.
മിസോറാം ഗവർണറായി പി.എസ്.ശ്രീധരന്‍ പിള്ളയെ നിയമിച്ച ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. എ.എൻ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുൾപ്പെടെയുള്ള പേരുകൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷനാക്കിയത്.
