വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍ഉള്‍പ്പെടുമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഡല്‍ഹി ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു.
ജഡ്ജി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിര്‍ണായകമാണ്. പൊതുതാത്പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി പറഞ്ഞു. സുതാര്യതയുടെ പേരില്‍ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ഒന്നിച്ചു പോകണമെന്നും വിധി പറയുന്നു.
2007-ല്‍ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീം കോടതി രജിസ്ട്രിയില്‍ ആര്‍.ടി.ഐ അപേക്ഷ നല്‍കി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയില്‍ വരാത്തതിനാല്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നല്‍കിയ മറുപടി.
ഇതിനെതിരെയാണ് 2009 നവംബര്‍ 24-ന് സുപ്രീം കോടതിക്കും ചീഫ്ജസ്റ്റിസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിച്ചത്. സുപ്രീം കോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണ്. അതിനാല്‍ ഭരണപരമായ കാര്യങ്ങളെ കുറിച്ച് പൗരന്മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കേണ്ടത് നിയമപരമായ ഉത്തരവാദിത്വമാണ്. ഇതായിരുന്ന ഹൈക്കോടതിയുടെ തീര്‍പ്പ്.
ഇതിനെതിരെ 2010 നവബംറില്‍ സുപ്രീം കോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്‍കി. ഇത് പരിഗണിച്ച് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ആറ് വര്‍ഷത്തിന് ശേഷം 2016-ലാണ് ഹര്‍ജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടത്
