ദേശീയ വാർത്ത ചാനലായ സീ ന്യൂസിലെ 28 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി. ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഭൂരിഭാഗം പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും സുധീര്‍ ചൗധരി അറിയിച്ചു. 28 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ പ്രസ്താവനയും ചേര്‍ത്താണ് സുധീര്‍ ചൗധരിയുടെ ട്വീറ്റ്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോയും താല്‍ക്കാലികമായി അടച്ചു. ആഗോള മഹാമാരി സീ മീഡിയയെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണെന്ന് സുധീര്‍ ചൗധരി കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഒരു സഹപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഉത്തരവാദപ്പെട്ട സ്ഥാപനം എന്ന നിലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്.
വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗം പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നു. കാര്യമായ അസ്വസ്ഥതകളുമില്ല. രോഗനിര്‍ണയം പെട്ടെന്ന് നടത്തിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും സുധീര്‍ ചൗധരി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസും ന്യൂസ് റൂമും സ്റ്റുഡിയോകളും അണുവിമുക്തമാക്കാന്‍ അടച്ചിരിക്കുകയാണ്. തത്കാലത്തേക്ക് സീ ന്യൂസ് സംഘം മറ്റൊരിടത്തേക്ക് മാറി. ബാക്കിയുള്ളവരുടെയും കോവിഡ് ടെസ്റ്റ് നടത്തും. കൂടുതല്‍ കേസുകള്‍ ടെസ്റ്റില്‍ കണ്ടെത്തിയേക്കാം. അവരെ ഐസൊലേറ്റ് ചെയ്തും ചികിത്സിച്ചും മഹാമാരിയെ നേരിടുക തന്നെ ചെയ്യുമെന്നും സീ ന്യൂസ് വ്യക്തമാക്കി.
2500 പേരാണ് സീ മീഡിയാ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്. എല്ലാ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സുധീര്‍ ചൗധരി പറഞ്ഞു. എന്നാല്‍ പ്രേക്ഷകരോട് പറയാനുള്ളത് ഭയരഹിതമായ വാര്‍ത്താശേഖരണം തുടരുമെന്നാണ്. കൃത്യനിര്‍വഹണത്തെ ഇത്തരം വെല്ലുവിളികള്‍ക്ക് തകര്‍ക്കാനാവില്ല. എല്ലാവര്‍ക്കും പെട്ടെന്നുതന്നെ രോഗം ഭേദമാകട്ടെയെന്ന് പറഞ്ഞാണ് സുധീര്‍ ചൗധരി കുറിപ്പ് അവസാനിപ്പിച്ചത്.
നേരത്തെ തബ്ലീഗി ജമാഅത്തുകാരാണ് നാട്ടിൽ കോവിഡ് പടർത്തുന്നത് എന്ന് ആരോപിച്ച് വാർത്ത പ്രക്ഷേപണം ചെയ്തതിന് വിമർശനവിധേയമായ ചാനലാണ് സീ ന്യൂസ്. ചാനലിലെ 28 ജീവനക്കാരിൽ എത്രപേരാണ് റിപ്പോർട്ടർമാരെന്നും അവർ ആരൊക്കെയായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നൊക്കെയുള്ള വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
