സിനിമ വ്യവസായത്തിലെ ദിവസ വേതനക്കാർക്കായി ആദ്യമെത്തിയത് മഞ്ജു വാര്യർ; രാജ്യത്തെ എല്ലാ സിനിമ പ്രവർത്തകർക്കും സഹായമെത്തിക്കുന്ന പദ്ധതി

കൊവിഡ് കാലത്ത് പ്രയാസത്തിലായ സഹപ്രവർത്തകരെ സഹായിക്കാൻ ഇന്ത്യയൊട്ടുക്കുമുള്ള പ്രമുഖ സിനിമ താരങ്ങൾ അണിനിരക്കുന്ന ഒരു ചെറുചിത്രം പുറത്തിറങ്ങുകയുണ്ടായി. നടി മഞ്ജുവാര്യർ തുടങ്ങിവച്ച ഒരു ചർച്ചയാണ് ആ ചിത്രത്തിലേക്ക് നയിച്ചതെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. അതുപോലെ  ഫെഫ്‍കെയോട് സഹകരിച്ച ധനസഹായം ചെയ്തതും അടക്കമുള്ള സഹായങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ കത്ത് അദ്ദേഹം പുറത്തുവിട്ടു.

ബി ഉണ്ണികൃഷ്‍ണന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ശ്രീമതി മഞ്‍ജു വാര്യരോട്‌ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌, ഫെഫ്‍കെ എഴുതിയ കത്ത്‌ പ്രസിദ്ധീകരിക്കുന്നു:

ശ്രീമതി മഞ്‍ജു വാര്യർ,

കോവിഡ്‌ 19 വ്യാപനത്തെ തുടർന്ന് ആദ്യം നിശ്ചലമായ മേഖലകളിലൊന്നാണല്ലോ, നമ്മൾ പ്രവർത്തിക്കുന്ന ചലച്ചിത്രവ്യവസായം. ഇനിയെന്ന് ചിത്രീകരണം പുന:രാരംഭിക്കാൻ കഴിയുമെന്നും നമ്മുക്കറിയില്ല. മലയാളത്തിൽ മൂവായിരത്തോളം വരുന്ന ദിവസവേതനക്കാരായ സഹപ്രവർത്തകർ നമ്മുക്കുണ്ട്‌; കൂടാതെ, സഹസംവിധായകർ, ഡബിംഗ്‌ ആർട്ടിസ്റ്റുകൾ, നർത്തകർ. അങ്ങനെ വലിയൊരു വിഭാഗം. അവരൊയെക്കെ എങ്ങിനെ  പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ കഴിയും എന്ന ആശങ്കയിൽ ഞങ്ങൾ കൂടിയാലോചന നടത്തുന്ന സമയത്താണ്‌, താങ്കൾ എന്നെ ഇങ്ങോട്ട്‌ ഫോണിൽ വിളിച്ച്‌, ഞങ്ങൾ സമാഹരിക്കുന്ന ‘കരുതൽ നിധി’യിലേക്ക്‌, അഞ്ചുലക്ഷം രൂപ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്‌. തൊട്ടടുത്ത ദിവസം തന്നെ, ആ പണം അയച്ചു തരികയും ചെയ്തു. താങ്കൾ തന്നെയാണ്‌  ധനസമാഹരണത്തിനു സഹായകമാവും എന്ന ലക്ഷ്യത്തോടെ, കല്യാൺ ജുവലേർസ്സുമായി എന്നെ ബന്ധപ്പെടുത്തുന്നതും. ആ ചർച്ച വികസിച്ചത്‌, ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവൻ ചലച്ചിത്രതൊഴിലാളികൾക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്‍തുക്കൾ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിയിലേക്കാണ്‌.

ഫെഫ്‍കെയിലെ അംഗങ്ങളോട്‌ കാട്ടിയ സ്‍നേഹത്തിനും പ്രതിബദ്ധതയ്ക്കും, ഞങ്ങൾക്കു മഞ്‍ജുവിനോട്‌ നിസ്സിമമായ നന്ദിയുണ്ട്‌. സ്‍നേഹവും. മഞ്‍ജുവിന്റെ തുടർയാത്രകളിൽ, ഉള്ളിൽ സൂക്ഷിക്കുന്ന തൊഴിലാളി വർഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും കരുത്തുറ്റ മൂല്യങ്ങൾ തുണയായി എപ്പോഴും കൂടെ ഉണ്ടാവുമെന്നതിൽ ഞങ്ങൾക്ക്‌ സംശയമില്ല.
സ്‍നേഹത്തോടെ,

ഉണ്ണിക്കൃഷ്‍ണൻ ബി
( ജനറൽ സെക്രട്ടറി, ഫെഫ്‍ക)

Vinkmag ad

Read Previous

പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ പദ്ധതികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രം

Read Next

ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ല; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം പോകുന്നത് എങ്ങോട്ട്

Leave a Reply

Most Popular