സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന മോഡലിൻ്റെ പരാതിയില്‍ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. 22 വയസ്സുള്ള മോഡലാണ് ആല്‍വിന്‍ ആന്റണിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയില്‍ പറയുന്നു. ‘ഓം ശാന്തി ഓശാന’, ‘അമര്‍ അക്ബര്‍ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.
ആല്‍വിന്‍ ആന്റണിയെ ഉടനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ വിവിധ സമയങ്ങളില്‍ പനമ്പിള്ളി നഗറിലെ പ്രതിയുടെ ഗസ്റ്റ് ഹൗസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവത്രെ. നാല് തവണ പീഡനം നടന്നുവെന്നാണ് ആരോപണം. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സൗത്ത് സിഐ പ്രതികരിച്ചു.
