ഡല്‍ഹിയിലെ കലാപത്തിനിടയിൽ ഗോകല്‍പുരിയില്‍ മുസ്ലിങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ അച്ഛനും മകനും എണപതോളം പേരുടെ ജീവൻ രക്ഷിച്ചു. മോഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങുമാണ് സ്വജീവൻ പോലും അപകടത്തിലാക്കി സഹജീവികൾക്കായി രംഗത്തിറങ്ങിയത്. ഇരുചക്ര വാഹനങ്ങളിലാണ് ഇവർ മുസ്ലിങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ഒരു കിലോമീറ്റർ അകലെയുള്ള കർദാംപുരിയിലാണ് ഇവര്‍ ആളുകളെ എത്തിച്ചതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കര്‍ദംപൂരിലേക്ക് മുസ്ലിം കുടുംബങ്ങളെ ബുള്ളറ്റിലും സ്‌കൂട്ടറിലും നിരവധി തവണകളായി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു ഈ അച്ഛനും മകനും.
ഇന്ദര്‍ജിത് സിങ് ബുള്ളറ്റിലും പിതാവ് 55കാരനായ മൊഹീന്ദര്‍ സിങ് സ്‌കൂട്ടറിലുമായി 20 തവണയോളം ഗോകുല്‍പുരിയില്‍ നിന്ന് കര്‍ദംപൂരിലേക്കും തിരിച്ചും പാഞ്ഞു. ഒരു മണിക്കൂറിനുള്ളിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം. മൂന്നു മുതല്‍ നാലുവരെ സ്ത്രീകളെയും കുട്ടികളെയും ഒറ്റ തവണ രക്ഷപ്പെടുത്തി.
രണ്ടു മുതല്‍ മൂന്ന് വരെ പുരുഷന്‍മാരെയും ഒരു പ്രാവശ്യം ഗോകുല്‍പുരിയില്‍ നിന്നുള്ള യാത്രയില്‍ കൂടെക്കൂട്ടിയെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു. ചില മുസ്ലിം യുവാക്കളെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി സിഖ് തലപ്പാവുകള്‍ അണിയിച്ചു. ‘ഹിന്ദുവിനെയോ മുസ്ലിമിനെയോ ഞാന്‍ കണ്ടില്ല’ എന്നാണ് ഇലക്ട്രോണിക്‌സ് കട നടത്തുന്ന മൊഹീന്ദറിന് പറയാനുള്ളത്.
1984-ലെ സിഖ് കലാപമാണ് ഡല്‍ഹിയിലെ ആക്രമണങ്ങള്‍ തന്നെ ഓര്‍മ്മപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. മൂന്ന് ദിവസത്തിനിടെ കലാപത്തിന്റെ പൈശാചിക മുഖമാണ് ഗോകുല്‍പുരിയില്‍ കണ്ടത്. നിരവധി ആളുകളാണ് ഇവിടെ മരിച്ചത്. മരണസംഖ്യ എത്രയെന്ന് ഇനിയും വ്യക്തമാകാനുണ്ട് എന്നത് ഭീതി ഉയര്‍ത്തുന്നുണ്ട്.
