പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് യുഎപിഎ ചുമത്തി. നേരത്തെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ഇമാമിനെതിരെ പോലീസ് ചുമത്തിയിരുന്നു.
അറസ്റ്റ് ചെയ്ത് 88 ദിവസം കഴിയുമ്പോഴാണ് ഷര്‍ജിലിനെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പൊലീസിന്റെ ദുഷ്ടലാക്കാണെന്ന് ഷര്‍ജിലിന്റെ അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ഷര്‍ജിലിനെ തുടര്‍ച്ചയായി ജയിലില്‍ കിടത്താനുള്ള നീക്കമാണിത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ഏഴ് വര്‍ഷം വരെ ജയിലില്‍ കിടത്താവുന്ന വകുപ്പാണ് യുഎപിഎ.
ജനുവരി 28നാണ് ഷര്‍ജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഷര്‍ജിലിന്റെ പ്രസംഗം ഡല്‍ഹി കലാപത്തിന് പ്രേരണയായെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി പൊലീസിന് പുറമേ, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് പൊലീസും ഷര്‍ജിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
