രാജ്യം കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണെന്ന വാർത്തകൾക്കിടയിൽ പ്രതിസന്ധിയുടെ ആഴം വിശദമാക്കുന്ന പുതിയൊരു റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യ ശീലം കനത്ത ഇടിവ് നേരിടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന് വലിയ ആഘാതം ഏൽപ്പിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഇന്ത്യാക്കാരുടെ സമ്പാദ്യശീലം 2018-19 സാമ്പത്തിക വർഷം 15 വർഷത്തെ ഏറ്റവും താഴത്തെ അവസ്ഥയിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.
ഉപഭോക്തൃ വിപണിക്കും ഇന്ത്യയുടെ സമ്പദ്‌വളർച്ചയ്ക്കും വലിയ തിരിച്ചടിയാണ് ഇപ്പോഴത്ത അവസ്ഥ നൽകുന്നത്. ജി.ഡി.പിയുടെ 30.1 ശതമാനമാണ് 2018-19ൽ സമ്പാദ്യനിരക്ക്. ഇത് 2011-12ൽ 34.6 ശതമാനവും 2007-08ൽ 36 ശതമാനവുമായിരുന്നു. 2003-04ലെ 29 ശതമാനമാണ് ഇതിനു മുമ്പത്തെ കുറഞ്ഞ നിരക്ക്.
ഗ്രാമീണ മേഖലയിലും കാർഷികമേഖലയിലും വലിയ മാറ്റം വരുത്തുന്ന ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു നടപടിയും കൈക്കൊള്ളാൻ മോദി സർക്കാർ തയ്യാറായിട്ടുമില്ല.
രാജ്യത്തിന്റെ മൊത്തം സമ്പാദ്യനിരക്കിന്റെ 60 ശതമാനവും കുടുംബങ്ങളുടെ സമ്പാദ്യമാണ്. ജി.ഡി.പിയിൽ ഇതിന്റെ വിഹിതം 2012ൽ 23 ശതമാനമായിരുന്നത് 2018ൽ 18 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വിപണിയിലേക്കുള്ള പണമൊുക്കിനെ സമ്പാദ്യത്തിലെ കുറവ് ബാധിക്കും. വില്പന താഴും. ജി.ഡി.പി വളർച്ചയും ഇടിയും. വിപണിയിലേക്ക് പമമൊഴുക്ക് കുറയുന്നത്, വിദേശ കടത്തെ കൂടുതലായി ആശ്രയിക്കാൻ ഇന്ത്യയെ നിർബന്ധിതവുമാക്കും.
