രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പലരൂപത്തിൽ അനാവരണം ചെയ്യപ്പെടുകയാണ്. റിസർവ് ബാങ്കിൻ്റെ നിർദ്ദേശ പ്രകാരം യെസ് ബാങ്ക് നിക്ഷേപകർക്ക് പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. പരമാവധി പിൻവലിക്കാവുന്ന തുക അമ്പതിനായിരം രൂപ മാത്രമാക്കി നിജപ്പെടുത്തി.
ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. അതേസമയം, ഇത്തരമൊരു നടപടിയെക്കുറിച്ച് അധികൃതർ മുൻകൂട്ടി അറിയിച്ചിട്ടില്ലെന്ന് നിക്ഷേപകർ വിമർശനം ഉന്നയിക്കുന്നുണ്ട്.
യെസ് ബാങ്കിന്‍റെ സാമ്പത്തികാവസ്ഥ ദിവസവും താഴേക്കാണെന്നും വായ്പാ നഷ്ടം നികത്തുന്നതിനുസൃതമായ മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഭരണപരമായ ഗൗരവ പ്രശ്നങ്ങളാണ് യെസ് ബാങ്ക് നേരിടുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.
30 ദിവസത്തിനുള്ളില്‍ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പുന:സംഘടനയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. യെസ് ബാങ്കിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി എസ്ബിഐ മുന്‍ ഡിഎംഡി പ്രശാന്ത് കുമാറിനെ നിയോഗിച്ചു.
പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷയുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു. കടുത്ത പ്രതിസന്ധിയിലായ യെസ് ബാങ്കിനെ ഏറ്റെടുക്കാന്‍ എസ്ബിഐ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എല്‍ഐസിയും യെസ് ബാങ്കില്‍ താല്‍പര്യം പ്രകടിപ്പിച്ചു. എസ്ബിഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം യെസ് ബാങ്കിനെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍, ഇതുവരെ അന്തിമതീരുമാനമായിട്ടില്ല.
