ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ വലിയ വിമർശനമാണ് സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ജനങ്ങളെ പരിഗണിക്കാതെ ധാർഷ്ഠ്യത്തോടെ നടപ്പിലാക്കി ഏകപക്ഷീയ നിയമങ്ങളടക്കം അന്താരാഷട്ര തലത്തിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു.
രാജ്യത്തെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരിയെന്ന പദവി കരസ്ഥമാക്കിയ പ്രധാനമന്ത്രിയാണ് മോദിയെന്നും ഇന്ത്യന്‍ ജനത ഇത്രയും ദുരിതമനുഭവിച്ച മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ലെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മോദി ഭരണത്തെക്കുറിച്ച് പ്രസ്താവിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:
രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം രാജ്യത്തെ അഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. രാജ്യത്തെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരിയെന്ന പദവി കരസ്ഥമാക്കിയ പ്രധാനമന്ത്രിയാണ് മോദി.
ഇന്ത്യന്‍ ജനത ഇത്രയും ദുരിതമനുഭവിച്ച മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. വിഭജനകാലത്ത് പോലും കാണാത്ത ക്ലേശവും ദുരിതവും പേറി ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കൂട്ടപലായനം ചെയ്യുന്നത്. ദീര്‍ഘവീക്ഷണവും മുന്‍കരുതലുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ കോടിക്കണക്കിന് വരുന്ന പട്ടിണിപ്പാവങ്ങളായ ദിവസവേതനക്കാരാണ് നിരാലംബരായത്. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തി. ആരോഗ്യമേഖല നാഥനില്ലാത്ത അവസ്ഥയിലെത്തി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനൈപുണ്യമില്ലായ്മ പ്രകടമാക്കുന്നതാണ് കേവിഡ് മഹാമാരിക്കാലം. കോവിഡ് രോഗബാധിതരുടെ കണക്കെടുക്കുമ്പോള്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ 9 -ാം സ്ഥാനത്തുണ്ട്. ആഗസ്‌റ്റോടെ ഒന്നേമുക്കാല്‍ കോടി കോവിഡ് രോഗികള്‍ ഉണ്ടാകുമെന്നാണ് നീതി ആയോഗ് പറയുന്നത്. കോവിഡ് രോഗവ്യാപനം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുയെന്നതിന്റെ തെളിവാണിത്.
കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്തില്ല. സാധാരണ ജനങ്ങളിലേക്ക് നേരിട്ട് അവരുടെ കൈകളില്‍ പണം എത്തിക്കുന്നതിന് പകരം വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 3.1 ശതമാനമായി കൂപ്പുകുത്തിയിരിക്കുന്നു. ഇത് ഇനിയും താഴോട്ട് പോകാനാണ് സാധ്യത. നേരിട്ട് പണം ജനങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. സാമ്പത്തിക പാക്കേജുകളുടെ മറവില്‍ സമ്പൂര്‍ണ്ണ സ്വകാര്യവത്കരണമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത്. തന്ത്രപ്രധാനമേഖലകള്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റുതുലയ്ക്കുന്നു.
